കോഴിക്കോട്: മുതിർന്ന മാധ്യമ പ്രവർത്തകനും കോഴിക്കോട് ജനയുഗത്തിൻ്റെ റസിഡൻ്റ് എഡിറ്ററുമായിരുന്ന കെ.ടി. സുരേഷ് (75) വെള്ളയിൽ റെയിൽവേ സ്റ്റേഷനു സമീപം ചോയുണ്ണി മാസ്റ്റർ റോഡിൽ സുധന്യയിൽ അന്തരിച്ചു. അസുഖ ബാധിതനായി കിടപ്പിലായിരുന്നു. സിറാജ് ദിനപത്രത്തിൻ്റെ എക്സിക്യൂട്ടീവ് എഡിറ്റർ, ന്യൂസ് കേരള സായാഹ്ന പത്രത്തിൻ്റെ ന്യൂസ് എഡിറ്റർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്നു രാത്രി എട്ടിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ .
പരേതരായ സി പി ഐ നേതാവ് കെ.ടി. ഗോപാലൻ മാസ്റ്ററുടെയും കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി രുഗ്മിണിയുടെയും മകനാണ്. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ എ.ഐ. എസ്.എഫിലൂടെ പൊതുരംഗത്തെത്തി. എഐഎസ്എഫിൻ്റെ ജില്ലാ സെക്രട്ടറിയും എഐവൈഎഫിൻ്റെ സിറ്റി പ്രസിഡൻ്റുമായിരുന്നു.
മലബാർ കൃസ്ത്യൻ കോളജിൽ എഐഎസ്എഫിൻ്റെ യൂണിറ്റ് സെക്രട്ടറിയും കോളജിൻ്റെ ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്നു. ഫുട്ബോൾ സംഘാടകനായിരുന്ന അദ്ദേഹം
മികച്ച കളിയെഴുത്തു കാരനുമായിരുന്നു. കോളജ് പഠന കാലത്തു തന്നെ പത്രപ്രവർത്തന രംഗത്തെത്തി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് ജേണലിസത്തിൽ ഡിപ്ളോമ നേടി. കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി, കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, സീനിയർ ജേണലിസ്റ്റ്സ് ഫോറം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സുരേഷിൻ്റെ നിയമസഭാ സമ്മേളന റിപ്പോർട്ടിംഗ് ശ്രദ്ധേയമായിരുന്നു. ചെറുകിടപത്രമെന്ന നിലയിൽ ജനയുഗം അഭിമുഖീകരിച്ച പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം പത്രം പുറത്തിറക്കുന്നതിന് അർപ്പണ ബോധത്തോടെ കഠിന യത്നം നടത്തിയ മാധ്യമ പ്രവർത്തകനായിരുന്നു അദ്ദേഹം.
ഭാര്യ: എൻ.കെ.വിജയകുമാരി (റിട്ട. ട്രഷറി ഡിപ്പാർട്ട്മെൻ്റ്) . മക്കൾ: സൂരജ് കെ.ടി. ( ബേരക്കുട നെറ്റ് വർക്ക്, ബംഗളുരു ) , ധന്യ സുരേഷ് ( എച്ച്ആർ മാനേജർ, മെറാൾഡ ജുവൽസ്, കോഴിക്കോട്). മരുമക്കൾ: വിനോദ് ദാസ് (ബിസിനസ്), ദീപ സൂരജ്. സഹോദരങ്ങൾ: ആശ ഗോകുലൻ ( പരപ്പനങ്ങാടി), പരേതനായ കെ.ടി. രമേശ് ( ഹുൻസൂർ ).
മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ജീവിതത്തിൻ്റെ നാനാ തുറകളിലുള്ള ആളുകൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻമന്ത്രി മുല്ലക്കര രത്നാകരൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയവരിൽ ഉൾപ്പെടും.
‘