കോഴിക്കോട് : ക്രമസമാധാനപാലനവും, കുറ്റാന്വേഷണവും, മാഫിയകൾക്കെതിരെയുള്ള പോരാട്ടങ്ങളുമടക്കം പോലീസിങ്ങിലെ സമസ്ത മേഖലകളിലും നെഞ്ചുറപ്പോടെ ‘ നെഞ്ചുവിരിച്ചു നിന്ന കേരള പോലീസിലെ പഴയ സിംഹം സർവ്വീസിൽ നിന്ന് പടിയിറങ്ങി. കണ്ണൂർ റൂറൽ പോലീസിൽ നിന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് തസ്തികയിൽ ഇക്കഴിഞ്ഞ ഏപ്രിൽ 30 ന് വിരമിച്ച ടി.പി. രഞ്ജിത്ത് എന്ന സിംഹത്തെ അറിയാത്തവർ വടക്കൻ കേരളത്തിലും മംഗലാപുരത്തും ഉണ്ടാകില്ല. കാസർഗോഡ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എസ്ഐ ആയിരിക്കെ മണൽ – സ്പിരിറ്റ് വേട്ടയ്ക്കിറങ്ങി പല തവണ മരണത്തെ മുഖാമുഖം കണ്ട ആ യുവ എസ്ഐ അങ്ങനെ കാസർഗോഡുകാർക്ക് വില്ലാളിവീരനായി. മാഫിയകൾ അടക്കിവാണ കാസർഗോഡൻ ഉൾറോഡുകളിലും, ദേശീയപാതയിലുമെല്ലാം രാത്രി ഒറ്റയ്ക്ക് സഞ്ചരിച്ച് ക്രിമിനലുകളെ വേട്ടയാടിയ രഞ്ജിത് ജനഹൃദയങ്ങളിൽ ഇടം നേടി. കുറ്റവാളികളോട് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാകാതിരുന്ന രഞ്ജിത് പിന്നീട രാഷ്ട്രീയ നേതാക്കൾക്ക് അനഭിമതനായി. തന്മൂലം പലപ്പോഴും യൂണിഫോം ജോലിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. ഇൻ്റലിജൻസ് വിങ്ങിലടക്കം മഫ്തി ജോലി ചെയ്യുമ്പോഴും രാജ്യത്തിനെതിരായ പല ഗൂഡാലോചനകളും തകർത്തു. പടിയിറക്കത്തിന് ശേഷം അദ്ദേഹം വികാരനിർഭരനായി ഫേസ്ബുക്കിൽ കുറിച്ച സർവ്വീസ് ഓർമ്മകൾ ഇപ്പോൾ വൈറലായിരിക്കയാണ്. കുറിപ്പ് താഴെ –
പടിയിറക്കം
ഏപ്രിൽ 30ന് ഞാൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും റിട്ടയർ ചെയ്തു.
ഈ രാജ്യത്തിൻ്റെ നിയമവും നീതിയും ഉയർത്തിപ്പിടിക്കുവാൻ സാധിച്ചതിന്റെ ചാരിതാത്ഥ്യം എനിക്ക് ഉണ്ട്.
ട്രയിനിങ്ങ് അടക്കം 28 വർഷത്തെ സേവനത്തിൽ 14 വർഷം യൂണിഫോമിൽ ജോലിയെടുക്കാൻ സാധിച്ചതിൽ അഭിമാനം. ഏതൊരു ഓഫീസറും സ്വപ്‌നം കാണുന്നതിലും അപ്പുറം ജനമനസുകളിലും പോലീസുകാരുടെ മനസിലും ആരാധന സൃഷ്‌ടിച്ചെടുക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ വിജയമായി ഞാൻ കാണുന്നത്. കാസർക്കോട് ജില്ലയിൽ ഉണ്ടായിരുന്ന വർഗ്ഗീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും, രാഷ്ട്രീയ സംഘർഷങ്ങൾക്കും വലിയ തോതിൽപരിഹാരം കാണാനും സാധിച്ചു എന്നത് വലിയ നേട്ടമാണ്.
രാഷ്ട്രീയ മത നേതൃത്വങ്ങളെ ഇച്ഛാശക്തി കൊണ്ട് ഒന്നിച്ച് നിർത്താൻ സാധിച്ചത് ഭാഗ്യമായി കാണുന്നു.
സ്പിരിറ്റ്,മണൽ മാഫിയകൾക്ക് മൂക്കയർ ഇടാൻ സാധിച്ചതിൽ അഭിമാനം ഉണ്ട്. കേരളാ പോലീസിന്റെ ചരിത്രത്തിൽ എനി ആർക്കും എത്തി പിടിക്കാൻ സാധിക്കാത നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിച്ചതിൽ അഭിമാനം. മാഫിയകളുമായുള്ള പോരാട്ടത്തിൽ പലവട്ടം അപകടങ്ങൾ സംഭവിച്ചു. മരണം മുഖാമുഖം കണ്ടു.
പോരാട്ടവീര്യമുള്ള സേവനത്തെ മുഖം തിരിഞ്ഞ് നിന്ന് കുറ്റപ്പെടുത്തുന്നവരെയും കാണാൻ സാധിച്ചു.
കേരളത്തിലെ പ്രമാദമായ പല കളവുകേസുകളും കൊലപാതക കേസുകളും തെളിയിക്കാൻ സാധിച്ചു. സ്‌ത്യുത്യർഹ സേവനത്തിന് 200 ൽ അധികം തവണ GSE യും ഏറ്റവും നല്ല ഇൻവസ്റ്റിഗേഷനുള്ള അവാർഡും പോലീസ് മെഡലുകളും മറ്റ് പുരസ്ക്കാരങ്ങളും ലഭിച്ചു.
സുപ്രധാനമായ കേസുകളുടെ അന്വേഷണത്തിനിടയിൽ പല തവണ ഞാൻ ദൂര സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.
ഇംഗിതങ്ങൾക്ക് കീഴ്പ്പെടാൻ മനസ്സിലാതതാണ് അതിന്റെ അടിസ്ഥാനം.
കഴിഞ്ഞ 9 വർഷത്തോളമായി ഞാൻ എന്റെ വീട്ടിൽ എത്തിച്ചേരാൻ പറ്റാതവിധം ദൂരെ ജോലിയെടുക്കെണ്ടിവരുന്നു.
ഈ മഹത്തായ രാജ്യത്തിൻ്റെ നിയമം കൈയ്യാളുന്നവർ നിഷ്‌പക്ഷരായില്ലെങ്കിൽ അതിന്റെ കോട്ടം സംഭവിക്കുന്നത് രാജ്യത്തിനും സാധാരണക്കാരായ മനുഷ്യർക്കും തന്നെ ആയിരിക്കും.
വ്യക്തിപരമായ നേട്ടത്തിനും സൗകര്യത്തിനുംവേണ്ടി നിയമത്തെ വിൽപ്പന നടത്താൻ മനസില്ലാതതാണ് എന്റെ വിജയം. എത്ര വേണമെങ്കിലും കല്ലെറിയാം ഈ രാജ്യം വന്ന വഴി നോക്കുകയാണെങ്കിൽ ഒന്നെ പറയാനുള്ളും”തോൽക്കാൻ എനിക്ക് മനസില്ല തോൽപ്പിക്കാൻ നിങ്ങൾക്ക് ആയതും ഇല്ല. എനിയും ഈ രാജ്യത്തിൻ്റെ നിയമവും നീതിയും വാനിൽ ഉയർത്തി കെട്ടും.”
ടി.പി. രഞ്ജിത്ത്