തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷയുടെ രീതിയില്‍ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍സെക്കന്‍ഡറിയിലേതുപോലെ പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും തീരുമാനം. പേപ്പര്‍ മിനിമം രീതി നടപ്പിലായാല്‍ എഴുത്തു പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ പേപ്പറിനും നിശ്ചിത മാര്‍ക്ക് വേണ്ടി വരും.
40 മാര്‍ക്ക് ഉള്ള വിഷയത്തിന് എഴുത്തു പരീക്ഷയില്‍ വിജയിക്കണമെങ്കില്‍ മിനിമം 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണം. മാറ്റം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും എന്നിട്ടാവും അന്തിമ തീരുമാനമെന്നും മന്ത്രി അറിയിച്ചു.
2023 – 2024 അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. 99.69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
71,831 പേരാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. 4,25,563 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 94 പേര്‍ എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷ എഴുതി. ഇതില്‍ 66 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.92 ശതമാനം വിജയത്തോടെ കോട്ടയം ജില്ല വിജയ ശതമാനം കൂടിയ റവന്യൂ ജില്ലയായി. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല തിരുവനന്തപുരമാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം. 4934 പേരാണ് മലപ്പുറത്ത് എ പ്ലസ് നേടിയത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം തന്നെ ആയിരുന്നു.