കോഴിക്കോട് : *അബ്കാരി പോളിസി മാറ്റം തീരുമാനിക്കാന്‍ ടൂറിസം വകുപ്പിന് എന്ത് അവകാശമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്തിനായിരുന്നു അനാവശ്യ ധൃതി? ടൂറിസം മന്ത്രിയുടെ ഓഫീസില്‍ അധികാര കേന്ദ്രീകരണം നടക്കുന്നു; സ്വന്തം വകുപ്പ് കയ്യിലുണ്ടോ അതോ മറ്റാരുടെയെങ്കിലും കയ്യിലാണോയെന്ന് എം.ബി രാജേഷ് പറയട്ടേ; സംസ്ഥാനത്ത് ലഹരി സംഘങ്ങളുടെയും ക്രിമിനലുകളുടെയും ഭരണം*
_പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എന്നിട്ടും മന്ത്രിക്ക് ഒരു മറുപടിയും പറയാനില്ല. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് ടൂറിസം മന്ത്രി പറഞ്ഞത്. അബ്കാരി നയ മാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വകുപ്പ് നടത്തിയ യോഗത്തിന്റെ വിവരങ്ങളും രേഖകളും പ്രതിപക്ഷം ഹാജരാക്കിയിട്ടും മന്ത്രിക്ക് മറുപടി പറായനാനില്ല. സ്വന്തം വകുപ്പില്‍ നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെന്നു പറയുന്നത് അതിനേക്കാള്‍ വലിയ നാണക്കേടാണ്. ടൂറിസം സെക്രട്ടറിയും ടൂറിസം ഡയറക്ടറുമാണ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചത്. അബ്ക്കാരി പോളിസി റിവ്യൂ ചെയ്യാന്‍ ടൂറിസം വകുപ്പിന് എന്ത് അധികാരമാണുള്ളത്?
എക്‌സൈസ് വകുപ്പിന്റെ അധികാരങ്ങള്‍ ടൂറിസം വകുപ്പ് കവര്‍ന്നെടുക്കുകയാണ്. ഡ്രൈ ഡേ ഒഴിവാക്കുന്നതിലും ബാറുകളുടെ സമയം നീട്ടിക്കൊടുക്കാനും ആവേശത്തോടെ ഇറങ്ങിയത് ടൂറിസം വകുപ്പാണ്. എല്ലാ അഴിമതിക്കള്‍ക്ക് പിന്നിലുമെന്ന പോലെ ഇവിടെയും അനാവശ്യ ധൃതിയുണ്ടായി. മന്ത്രിമാരാണ് ആദ്യം നുണ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥരെക്കൊണ്ടും നുണ പറയിച്ചു. ടൂറിസം സെക്രട്ടറിയുടെ പേരിലുള്ള പ്രസ്താവന ടൂറിസം മന്ത്രിയുടെ ഓഫീസിലാണ് തയാറാക്കിയത്. അവിടെയാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അവിടെ അധികാര കേന്ദ്രീകരണം നടക്കുകയാണ്. അതൊക്കെ പുറത്തു വരും.
ചീഫ് സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തിലാണ് അബ്ക്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ടൂറിസം സെക്രട്ടറിക്ക് എന്ത് കാര്യമാണുള്ളത്? അത് ടൂറിസം സെക്രട്ടറിയുടെ പണിയല്ല. അപ്പോള്‍ മന്ത്രി രാജേഷ് പറയട്ടെ, അദ്ദേഹത്തിന്റെ വകുപ്പ് ഇപ്പോള്‍ കയ്യിലുണ്ടോയെന്നും അതോ മറ്റാരുടെയെങ്കിലും കയ്യിലാണോയെന്നും.
സംസ്ഥാനത്ത് ഗുണ്ടകളുടെയും ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും ഭരണമാണ് നടക്കുന്നത്. അവര്‍ എല്ലായിടത്തും അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന് മേല്‍ ഒരു നിയന്ത്രണവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റികളാണ് എസ്.പിമാരെ നിയന്ത്രിക്കുന്നത്. ഏരിയാ കമ്മിറ്റുകളാണ് എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് മാരാരിക്കുളത്ത് സി.പി.എം ഏരിയ കമ്മിറ്റി നേതാവിന്റെ സ്വന്തം ആളായ ക്രിമിനല്‍ കാര്‍ തടഞ്ഞു നിര്‍ത്തി ചില്ല് പൊട്ടിച്ച് തോക്ക് ചൂണ്ടിയിട്ടും പൊലീസ് ഇടപെടാതിരുന്നത്. ഈ ഗുണ്ടയുമായി മുട്ടാന്‍ നോക്കേണ്ടെന്നും സംരക്ഷിക്കാന്‍ ആളുകളുണ്ടെന്നുമുള്ള ഉപദേശം നല്‍കിയാണ് പരാതിക്കാരനെ പൊലീസ് മടക്കി അയച്ചത്. കേരളത്തിലെ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും ലഹരി സംഘങ്ങള്‍ക്കും സി.പി.എം രാഷ്ട്രീയ രാക്ഷാകര്‍തൃത്വം നല്‍കുന്നുണ്ട്. ഇക്കാര്യം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചതുമാണ്. എന്നിട്ടും മുഖ്യമന്ത്രി നോക്കി നില്‍ക്കുകയാണ്.
കുപ്രസിദ്ധ ഗുണ്ട നടത്തിയ ഡിന്നറില്‍ ഡി.വൈ.എസ്.പിയും പൊലീസുകാരും പങ്കെടുത്തു. തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയിലാണ് കേരള പൊലീസ്. ഇതിനേക്കാള്‍ വലിയ നാണക്കേട് കേരള പൊലീസിനുണ്ടോ? മൂന്ന് വര്‍ഷമായി കേരളത്തിലെ പൊലീസിനെ കുറിച്ച് പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന കേരള പൊലീസിനെ ഈ സര്‍ക്കാര്‍ നിര്‍വീര്യരാക്കി ആത്മവിശ്വാസം തകര്‍ത്തു.
മദ്യ നയവുമായി ബന്ധപ്പെട്ട കേസില്‍ ബാര്‍ ഉടമകള്‍ കോഴ പിരിക്കാനെടുത്ത തീരുമാനം എങ്ങനെ പുറത്തു പോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായപ്പോഴും അതിനെക്കുറിച്ചല്ല പൊലീസ് അന്വേഷിച്ചത്. വാര്‍ത്ത പുറത്തു വന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ പ്രതിയാക്കിയാണ് കേസെടുത്തത്. സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചപ്പോഴും അവര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയത്. അല്ലാതെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ കുറിച്ചല്ല. കേരളത്തിലെ പൊലീസിനെ നാണംകെട്ട നിലയിലേക്ക് മാറ്റി.
മുഖ്യമന്ത്രി നിസംഗനായി നില്‍ക്കുകയും അധികാരം ഓഫീസിലെ ഉപജാപകസംഘം തട്ടിയെടുക്കുകയും ചെയ്തു. എല്ലായിടത്തും പാര്‍ട്ടിയാണ് ഭരിക്കുന്നത്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് സി.പി.എം നേതാക്കളാണ്. അപകടകരമായ നിലയിലേക്കാണ് കേരളം പോകുന്നത്. ലഹരി മരുന്ന് വിവരം നല്‍കുന്ന ആളുടെ വീട് ആക്രമിക്കപ്പെടുകയാണ്. ജനങ്ങള്‍ക്ക് ആര് സംരക്ഷണം നല്‍കും. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ജയിലില്‍ കിടക്കുന്ന ക്രിമിനലുകള്‍ പുറത്ത് കൊട്ടേഷന്‍ നല്‍കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. പൊലീസ് ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന സാഹചര്യം ഇല്ലാതാകണം.