ആലപ്പുഴ: തനിക്കെതിരെ സമസ്ത ഉയര്‍ത്തിയ വിമര്‍ശനം തള്ളി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമസ്തയുള്‍പ്പടെയുള്ള സംഘടനകള്‍ ബിജെപിയെ എതിര്‍ത്തിട്ട് എന്തുഫലമുണ്ടായെന്നും മൂന്നാം തവണ ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തനിക്കെതിരെയുള്ള മൈക്രോ ഫിനാന്‍സ് കേസ് ഹൈക്കോടതിയില്‍ നടക്കുകയാണെന്നും തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്നും നടേശന്‍ പറഞ്ഞു.
പാര്‍ലമെന്റിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മുസ്ലിങ്ങള്‍ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകള്‍ പരിശോധിക്കണമെന്ന സമ്സതയുടെ പ്രതികരണത്തിന് മറുപടി ഇങ്ങനെ; സാമൂഹ്യസാമ്പത്തിക സര്‍വേ നടത്തിയാല്‍ ആര്‍ക്കാണ് ആനൂകൂല്യം കിട്ടിയതെന്ന് മനസിലാകും എന്നായിരുന്നു.
വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയത വിളമ്പുന്നുവെന്നുവെന്നായിരുന്നു സമസ്ത മുഖപത്രത്തിന്റെ വിമര്‍ശനം. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തില്‍ അവാസ്തവ കാര്യങ്ങള്‍ പറയുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ നിന്ന് എങ്ങനെ ഊരിപ്പോയെന്നും ചോദ്യം. ആര്‍എസ്എസിനുള്ള ഒളിസേവയാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും സുപ്രഭാതം വിമര്‍ശിക്കുന്നു.
രാജ്യസഭയിലെ പ്രാതിനിധ്യം പരിശോധിക്കുന്ന വെള്ളാപ്പള്ളി നടേശനു മുന്നിലേക്ക് ലോക്സഭാ അംഗങ്ങളുടെയും കേന്ദ്ര-കേരള മന്ത്രിസഭയിലെ പ്രതിനിധ്യത്തിന്റെയും കണക്കുകള്‍ മുഖപ്രസംഗം മുന്നോട്ടുവയ്ക്കുന്നു. കേരളത്തില്‍ നിന്ന് ആകെ മൂന്ന് മുസ്ലിം അംഗങ്ങള്‍ മാത്രമാണ് ലോക്സഭയിലുള്ളത്. കേന്ദ്ര കാബിനറ്റില്‍ ഒരു മുസ്ലിം പോലുമില്ല. അതുപോലെ കേരള മന്ത്രിസഭയില്‍ ആകെ ഉള്ളത് രണ്ടു മുസ്ലിം മന്ത്രിമാരാണ്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരെ അപേക്ഷിച്ച് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ കുറവാണ് എന്നും, ഒരു സര്‍ക്കാര്‍ വകുപ്പിലും 13 ശതമാനത്തിലധികം പ്രാതിനിധ്യം മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നും സുപ്രഭാതം ഓര്‍മ്മപ്പടുത്തുന്നു.
ഈഴവരും മുസ്ലിങ്ങളും കേരളത്തില്‍ ഒരുപോലെ പിന്നോക്കാവസ്ഥ നേരിടുന്നവരാണെന്നും ഇരുവിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട അവസരങ്ങള്‍ ശരിക്കും ആരാണ് തട്ടിയെടുക്കുന്നതെന്നു മനസിലാക്കാതെയാണ് സവര്‍ണസമുദായങ്ങള്‍ക്കു വേണ്ടിയുള്ള വെള്ളാപ്പള്ളിയുടെ വിടുപണിയെന്നും സുപ്രഭാതം വിമര്‍ശിക്കുന്നു.