തിരുവനന്തപുരം : ജോലിസമ്മർദ്ദം മൂലം കേരള പോലീസിലെ ഓഫീസർ തസ്തികയിൽ നിന്ന് താഴ്ന്ന പദവികളിലേക്ക് കൂടുമാറുന്നവരുടെ എണ്ണം വർധിച്ചുവരവെ , ഓഫീസർമാരെ ” മുൾമുനയിൽ നിർത്തി “ജില്ലാ പോലീസ് മേധാവിയുടെ സ്ഥലം മാറ്റ ഉത്തരവ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും പെരുമാറ്റചട്ടത്തിൻ്റെ ഭാഗമായും മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റപ്പെട്ട എസ് ഐ മുതലുള്ള ഓഫീസർമാരെ തിരികെ പഴയ യൂനിറ്റുകളിലേക്ക് മാറ്റാൻ റേഞ്ച് ഡിഐജി മാരാണ് നിർദ്ദേശിക്കുക. ഇതനുസരിച്ച് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി നിർദ്ദേശം നൽകുകയും ജില്ലാ പോലീസ് മേധാവിമാർ ഉത്തരവിറക്കുകയുമാണ് രീതി. ഓരോരുത്തരും റിലീവ് ചെയ്യേണ്ട തിയ്യതി മാത്രമെ സാധാരണ സ്ഥലംമാറ്റ ഉത്തരവിൽ രേഖപ്പെടുത്താറുള്ളൂ എന്നിരിക്കെയാണ് കൊല്ലം ജില്ലാ പോലീസ് മേധാവി ചക്കിലം നാഗരാജു ഐ പി എസ് , പിറ്റേന്ന് തന്നെ ജോയിൻ ചെയ്യാൻ നിർദ്ദേശിച്ച് ഉത്തരവിറക്കിയത്. ഇന്ന് ഇറങ്ങിയ ഉത്തരവാണ് സേനാംഗങ്ങളിൽ വീണ്ടും മാനസീക സമ്മർദ്ദത്തിന് വഴിവയ്ക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്ന് തെരഞ്ഞെടുപ്പിന് മുൻപ് മാറ്റപ്പെട്ട 77 ഡയരക്ട് എസ് ഐ മാരെ പഴയ ലാവണത്തിലേക്ക് മാറ്റിക്കൊണ്ട് ജൂൺ 22 ന് ഉത്തരവിറങ്ങിയത്. റിലീവ് ചെയ്യുന്നതിൻ്റെ തൊട്ടടുത്ത ദിവസം നിർബന്ധമായും അതാത് സ്റ്റേഷനിൽ ചുമതല ഏൽക്കണമെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി ചക്കിലം നാഗരാജു ഐ പി എസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത് അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ സർവ്വീസുകളിലെ മറ്റേത് വകുപ്പുകളിലും ഒരാഴ്ച്ച ജോയിനിങ് സമയമായി നിഷ്ക്കർഷിച്ചിരിക്കെയാണ് സേനാംഗങ്ങൾക്ക് നേരെയുള്ള ഈ കൊടും പീഡനം. വീട്ടുസാധനങ്ങൾ മാറ്റുക, പുതിയ താമസസ്ഥലം കണ്ടെത്തുക, കുട്ടികളുടെ സ്കൂൾ മാറ്റം തുടങ്ങി മാനുഷീക പരിഗണനകൾ കണക്കിലെടുത്താണ് എല്ലാവർക്കും ഒരാഴ്ച്ചത്തെ ജോയിനിങ്ങ് സമയം അനുവദിക്കുന്നത്. തെരഞ്ഞെടുപ്പ് തിരക്ക് അതിനു ശേഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് കാവൽ നിൽക്കൽ, വോട്ടെണ്ണൽ, ആഹ്ലാദപ്രകടനം, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങി ഏതാനും മാസങ്ങളായി വീടും കുടുംബവും നോക്കാനാവാതെ ശ്വാസം വിടാതെ ജോലി ചെയ്ത ഓഫീസർമാരെയാണ് പൊതുവെ സുഖിമാൻ മാരായി അറിയപ്പെടുന്ന ജില്ലാ പോലീസ് മേധാവികൾ ഈ വിധം പീഡിപ്പിക്കുന്നത്. തുടർ പീഡനം മൂലം അടുത്തിടെ ഏതാനും ഓഫീസർമാർ ജീവനൊടുക്കുക വരെ ഉണ്ടായി. നിരവധി പേർ എസ് ഐ യൂനിഫോം ഒഴിവാക്കി ഹവിൽദാറായി മാറി. ഈ സ്ഥിതി തുടർന്നാൽ ഇനിയും ആത്മഹത്യകൾ വർധിക്കുമെന്ന് സേനാംഗങ്ങൾ അടക്കം പറയുന്നു. ഡയരക്ട് എസ്ഐ, ഇൻസ്പെക്ടർ, ഡിവൈഎസ്പി , അസി. കമീഷണർ തസ്തികയിലുള്ളവരാണ് ഈ വിധം പീഡിപ്പിക്കപ്പെടുന്നത്. മറ്റ് ജില്ലകളിലെ സ്ഥലം മാറ്റ ഉത്തരവ് ഉടനെ ഇറങ്ങും. സംഭവം വിവാദമായതിനെ തുടർന്ന് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടേക്കും എന്നാണ് സൂചന.