KERALAPoliticstop news

പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍; ബിജെപിക്കായി പത്മജയോ ശോഭയോ മത്സരിക്കുമെന്ന് സൂചന

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി. വനിതാ മുഖങ്ങളെയാണ് ഇത്തവണ ജില്ലയില്‍ പരിഗണിക്കുന്നത് എന്നാണ് സൂചന. ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെതിരെ മത്സരിച്ച് വോട്ട് ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന് പാലക്കാട് ശക്തമായ മത്സരം കാഴ്ച്ചവെക്കാനാവുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം.

എന്നാല്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്സഭാ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുകയും പാലക്കാട് പത്മജ വേണുഗോപാലിനെയോ സി കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കണമെന്നുമാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും മത്സരിച്ച ശോഭാ സുരേന്ദ്രന് വലിയതോതില്‍ വോട്ടുയര്‍ത്താന്‍ സാധിച്ചിരുന്നു. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും സി രാധാകൃഷ്ണനാണ് മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന മണ്ഡലമായിരുന്നു പാലക്കാട്. യുവ നേതാവ് ഷാഫി പറമ്പിലും മെട്രോ മാന്‍ ഇ ശ്രീധരനും തമ്മിലുള്ള മത്സരത്തില്‍ നാലായിരത്തിനടുത്ത് മാത്രം ഭൂരിപക്ഷത്തിലാണ് മൂന്നാം അങ്കത്തില്‍ ഷാഫി കടന്നുകയറിയത്. ഒപ്പം പാലക്കാട് നഗരസഭ കൂടി തങ്ങളുടെ പക്കലാണെന്ന ആത്മവിശ്വാസവും ബിജെപിക്കുണ്ട്. ഈ സാഹചര്യത്തില്‍ ജനപ്രിയ നേതാവിനെ നിര്‍ത്തിയാല്‍ വിജയിക്കാമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പിനുണ്ട്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഘടനയ്ക്കുണ്ടായ വീഴ്ചകള്‍ പഠിച്ച ശേഷം മാത്രം, പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close