ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹാത്രാസില്‍ തിക്കിലും തിരിക്കിലും പെട്ട് മരിച്ച 116 പേരില്‍ 72 പേരെ തിരിച്ചറിഞ്ഞു. അപകട സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശിക്കും. സംഭവത്തില്‍ പരിക്കേറ്റവരോട് സംസാരിച്ചിട്ടുണ്ടെന്നും തിക്കിലും തിരക്കിലും പെട്ട് 116 പേര്‍ മരിക്കുകയും 22 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ബി ജെ പി എം എല്‍ എ അസിം അരുണ്‍ പറഞ്ഞു. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും. ഡി ജി സോണ്‍ ആഗ്രയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. വിവിധ ഏജന്‍സികള്‍ അവരുടെ ജോലി ചെയ്‌തോ ഇല്ലയോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സംഭവത്തില്‍ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തതാണ് പ്രാഥമിക വിലയിരുത്തല്‍. ഹത്രാസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്ക്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകള്‍ ബാഗുകള്‍ അടക്കം ഉപേക്ഷക്കപ്പെട്ട നിലയില്‍ ആണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ അധികം. 108 സ്ത്രീകളും ഏഴ് കുട്ടികളുമാണ് മരിച്ചത്.