ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചവയായാണ് കണക്കാക്കുന്നത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്സ്ഡ്. ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
ഈ വര്‍ഷം ജൂണ്‍ വരെ ആഗോള തലത്തില്‍ റിലീസായ ചിത്രങ്ങളില്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന 25 സിനിമകളുടെ പട്ടിക അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റര്‍ബോക്സ്ഡ്. ഇതില്‍ അഞ്ചും മലയാള സിനിമയാണ് എന്നത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
കിരണ്‍ റാവു സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ലാപതാ ലേഡീസ്’ ആണ് ലെറ്റര്‍ബോക്സ്ഡ് റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സിനിമ. ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 250 കോടിയിലേറെ സ്വന്തമാക്കിയ ‘മഞ്ഞുമ്മല്‍ ബോയ്സാ’ണ് ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത്. പത്താം സ്ഥാനത്ത് ആട്ടവും 15-ാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഭ്രമയുഗവും ഇടം നേടി. 16-ാം സ്ഥാനത്ത് ഫഹദ് ഫാസില്‍ നായകനായ ആവേശം, 25-ാം സ്ഥാനത്ത് സര്‍പ്രൈസ് ഹിറ്റടിച്ച പ്രേമലുവുമാണ് ഉള്ളത്.
ലെറ്റര്‍ബോക്സ്ഡ് റേറ്റിംഗില്‍ എല്ലാ രാജ്യത്തും തിയേറ്ററില്‍ റീലീസ് ചെയ്യപ്പെട്ട സിനിമയും ഓ ടി ടി ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാകുന്നത്. ലിസ്റ്റില്‍ എത്താന്‍ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് അത്യാവശ്യമാണ്.