കൊച്ചി: ജനറല്‍ നേഴ്‌സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാന്‍ സര്‍ക്കാര്‍.സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ നേഴ്‌സിങ് കൗണ്‍സിലില്‍ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അടുത്ത നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ സബ് കമ്മിറ്റി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
നിലവില്‍ 22000 വാര്‍ഷിക ഫീസുള്ള ജനറല്‍ നേഴ്‌സിങ് കോഴ്‌സിന് വാര്‍ഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ബി എസ് സി നേഴ്‌സിങ് ഫീസ് നിര്‍ണയിക്കുന്നത് റെഗുലേറ്ററി കമ്മീഷന്‍ ആണെങ്കില്‍ ജനറല്‍ നേഴ്‌സിങ്ങിന്റെ ഫീസ് നിര്‍ണയിക്കുന്നത് സര്‍ക്കാരും നേഴ്‌സിങ്ങ് കൗണ്‍സിലും ചേര്‍ന്നാണ്. ബി എസ് സി നേഴ്‌സിങ് ഫീസ് ഇത്തവണ വര്‍ദ്ധിപ്പിച്ചിട്ടില്ല. അപ്പോഴാണ് ജനറല്‍ നേഴ്‌സിങ് ഫീസ് വര്‍ദ്ധനയ്ക്കുള്ള നീക്കം.
മാനേജ്‌മെന്റുകളുടെ ആവശ്യമായ ഫീസ് വര്‍ധന എന്നുള്ള തരത്തിലേക്ക് സബ്കമ്മിറ്റി റിപ്പോര്‍ട്ട് ആയിട്ടുണ്ട് എന്നാണ് കൃത്യമായ സൂചന. വാര്‍ഷിക ഫീസ് ഉയര്‍ന്നാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് മൂന്നു ലക്ഷത്തിലേറെ രൂപ കൊടുത്താകും പഠിച്ചിറങ്ങേണ്ടി വരിക. സ്വകാര്യമേഖലയില്‍ ജിഎന്‍എമ്മിന് മറ്റു കാര്യങ്ങളില്‍ കൂടി ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിച്ചിറങ്ങാന്‍ 5 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാകും.
വ്യാപകമായി ജനറല്‍ നേഴ്‌സിങ് കോഴ്‌സ് തുടങ്ങാന്‍ നേഴ്‌സിങ് കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. കണ്ടീഷനല്‍ അഫിലിയേഷന്‍ എന്നുള്ളതാണ് ഇത്തവണ സര്‍ക്കാര്‍ നേഴ്‌സിങ് കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശം. അതായത് വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നടത്തിയ ശേഷം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. ഒരു നഴ്‌സിംഗ് വിദ്യാര്‍ഥിക്ക് മൂന്നു രോഗികള്‍ വേണമെന്നാണ് നിയമം. എന്നാല്‍ 20 കിടക്കകളുള്ള ആശുപത്രികളില്‍ 80 സീറ്റുകള്‍ വരെ നല്‍കിയിട്ടുണ്ട് നേഴ്‌സിങ് കൗണ്‍സില്‍. ചുരുക്കത്തില്‍ സ്വകാര്യ മാനേജുമെന്റുകള്‍ക്ക് വേണ്ടി അടിസ്ഥാന സൗകര്യ പോലും ഇല്ലാത്ത ഇടങ്ങളില്‍ പോലും നഴ്‌സിംഗ് പഠനത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികളെ പഠനത്തിലും വഞ്ചിക്കുകയാണ്.