കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളേജുകള്‍ സമീപ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സര്‍വകലാശാലയുടെ വിശദീകരണം. 2024 ജൂണ്‍ 30ന് ദ ഹിന്ദു ദിനപ്പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പ്രസ്തുത പട്ടികയിലെ 14 കോളേജുകളില്‍ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാതൃ സ്ഥാപനവുമായി ലയിപ്പിച്ചതും മറ്റൊന്ന് വനിതാ കോളജ് എന്ന പദവിയില്‍നിന്നും കോ എജ്യുക്കേഷന്‍ കോളേജായി മാറിയതുമാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. എന്‍സിടി യുടെ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന കോളേജും പട്ടികയിലുണ്ട്. നല്‍കാതിരുന്നവയാണ്. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല എന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
‘2017 മുതല്‍ 2024 വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി സര്‍വകലാശാലക്കു കീഴില്‍ 19 സ്വാശ്രയ കോളേജുകളും രണ്ട് എയ്ഡഡ് കോളേജുകളും രണ്ട് സര്‍ക്കാര്‍ കോളേജുകളും ആരംഭിക്കുകയും മൂന്നു ലോ കോളജുകളും ഒരു ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജും അനുവദിക്കുകയും ചെയ്തു. കൂടുതല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും പരിഗണനയിലുണ്ട്. ഇതേ കാലയളവില്‍തന്നെ 75 ഓളം എയ്ഡഡ് പ്രോഗ്രാമുകളും അഞ്ഞൂറില്‍ പരം സ്വാശ്രയ പ്രോഗ്രാമുകളും പ്രതിവര്‍ഷം നിരവധി അധിക ബാച്ചുകളും ആയിരക്കണക്കിന് സീറ്റുകളും അനുവദിക്കുകയുണ്ടായി,’ സര്‍വകലാശാലയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നു.
ദേശീയ, രാജ്യാന്തര റാങ്കിംഗുകളില്‍ മികവ് നിലനിര്‍ത്തുകയും നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ സംസ്ഥാനത്ത് ആദ്യമായി എ ഡബിള്‍ പ്ലസ് നേടുകയും ചെയ്ത സര്‍വകലാശാലയുടെ കീഴില്‍ നിലവില്‍ 260 അഫിലിയേറ്റഡ് സ്ഥാപനങ്ങളുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.