ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭയില്‍ രാജി. ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും മന്ത്രി കിരോഡി ലാല്‍ മീന രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഉത്തരവാദിത്തത്തിലുള്ള ഏഴ് സീറ്റില്‍ ഏതെങ്കിലും ഒന്നില്‍ പരാജയം നേരിട്ടാല്‍ രാജിവെക്കുമെന്ന് കിരോഡി ലാല്‍ മീന പ്രഖ്യാപിച്ചിരുന്നു. ഈ സീറ്റുകളില്‍ ചിലതില്‍ പരാജയപ്പെട്ടതോടെയാണ് കിരോഡി ലാല്‍ മീന തന്റെ പ്രഖ്യാപനം നടപ്പിലാക്കിയത്.
കാര്‍ഷികം, ഗ്രാമ വികസനം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് കിരോഡി ലാല്‍ മീനയായിരുന്നു. സ്വന്തം നാടായ ദൗസയില്‍ അടക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജി. പത്ത് ദിവസം മുന്‍പ് കിരോഡി ലാല്‍ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെയുള്ള 25 ലോക്സഭാ സീറ്റില്‍ ബിജെപി 14 സീറ്റിലും കോണ്‍ഗ്രസ് ദൗസയടക്കം എട്ട് സീറ്റിലും വിജയിച്ചിരുന്നു.