Sports

ഭാരം കുറയ്ക്കാന്‍ രാത്രി മുഴുവന്‍ തീവ്രശ്രമം; എന്നാല്‍ ഫോഗട്ടിന്റെ കഠിനാധ്വാനം വിഫലം

പാരിസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ന് കലാശപ്പോരില്‍ മത്സരിക്കാനിരിക്കെ, ഭാരം കൂടുതലുള്ള കാര്യം ഇന്നലെ രാത്രി തന്നെ വിനേഷ് ഫോഗട്ടും പരിശീലകരും തിരിച്ചറിഞ്ഞിരുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന്, ഇന്നു രാവിലെ ഭാരപരിശോധനയ്ക്കു മുന്‍പായി നിശ്ചിത ഭാരമായ 50 കിലോഗ്രാമിലേക്ക് എത്താന്‍ രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു വിനേഷ് ഫോഗട്ട്. ഭക്ഷണം ഉപേക്ഷിച്ചും കഠിനമായ വ്യായാമ മുറകള്‍ പയറ്റിയും ഭാരം കുറയ്ക്കാനുള്ള വിനേഷ് ഫോഗട്ടിന്റെ തീവ്രശ്രമം ഒടുവില്‍ ആശുപത്രിയിലാണ് അവസാനിച്ചിരിക്കുന്നത്.

ഒളിംപിക്‌സില്‍നിന്ന് അയോഗ്യയാക്കിക്കൊണ്ടുള്ള രാജ്യാന്തര ഒളിംപിക്‌സ് അസോസിയേഷന്റെ തീരുമാനം വരുമ്പോള്‍ വിനേഷ് ഫോഗട്ട് ആശുപത്രിയിലായിരുന്നുവെന്നാണ് വിവരം. പരുക്കുമൂലം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍പ്പോലും വെള്ളി മെഡല്‍ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നിരിക്കെയാണ്, ഭാരം കുറയ്ക്കാന്‍ രാത്രി മുഴുവന്‍ പരിശ്രമിച്ച് വിനേഷ് ഫോഗട്ട് പരാജയപ്പെട്ടത്.

മത്സരത്തിന് 14 മണിക്കൂര്‍ മുന്‍പ്, അതായത് ഫ്രഞ്ച് സമയം രാവിലെ 7.30നായിരുന്നു ഭാര പരിശോധന നടത്താനുള്ള സമയപരിധി. മത്സരിക്കുന്നത് 50 കിലോഗ്രം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലായതിനാല്‍, ഈ സമയത്തിനുള്ളില്‍ ശരീരഭാരം പരമാവധി 50 കിലോഗ്രാമിനുള്ളില്‍ ക്രമീകരിക്കേണ്ടതായിരുന്നു. ഇന്നലത്തെ മത്സരം കഴിഞ്ഞ് ശരീരഭാരം കൂടുതലാണെന്ന് കണ്ടെത്തിയതോടെയാണ് ഭാരം കുറയ്ക്കാനുള്ള തീവ്ര നടപടികളിലേക്ക് വിനേഷ് ഫോഗട്ടും പരിശീലകരും കടന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി പതിവു ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു. രാത്രി മുഴുവന്‍ സൈക്ലിങ് ഉള്‍പ്പെടെയുള്ള വ്യായാമമുറകളും ചെയ്തു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

രാവിലെ 7.30 വരെ എപ്പോള്‍ വേണമെങ്കിലും ശരീരഭാരം പരിശോധിക്കാമെന്നാണ് ചട്ടമെങ്കിലും, ഏറ്റവുമൊടുവില്‍ സമയപരിധി തീരുന്നതിനു തൊട്ടുമുന്‍പാണ് വിനേഷ് ഫോഗട്ട് ഭാര പരിശോധനയ്ക്ക് എത്തിയത്. ഇലക്ട്രോണിക് വെയിങ് മെഷീന്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ സ്‌ക്രീനില്‍ തെളിഞ്ഞത് 50.100 കിലോഗ്രാം ഭാരം! ഇതോടെ അധികൃതര്‍ എതിര്‍പ്പ് ഉന്നയിക്കുകയും അയോഗ്യയാക്കേണ്ടി വരുമെന്ന് സൂചിപ്പിക്കുകയും ചെയ്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close