top news

നിക്ഷേപ തട്ടിപ്പ്: കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ.പി.സി.സി സെക്രട്ടറിയും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ സി.എസ്. ശ്രീനിവാസനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സി.എസ്.ശ്രീനിവാസനെതിരെ കെ.പി.സി.സി അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ടി.യു.രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഏഴ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസിലാണ് ശ്രീനിവാസന്‍ അറസ്റ്റിലാവുന്നത്. തൃശൂര്‍ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ അറസ്റ്റിലായ പുഴയ്ക്കല്‍ ശോഭ സിറ്റി ടോപ്പാസ് ഫ്‌ലാറ്റിലെ താമസക്കാരന്‍ മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ സി. മേനോന്‍, പുതൂര്‍ക്കര പുത്തന്‍ വീട്ടില്‍ ബിജു മണികണ്ഠന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. തൃശൂര്‍ ചക്കാമുക്കില്‍ ഹിവാന്‍ നിധി ലിമിറ്റഡ്, ഹിവാന്‍ ഫിനാന്‍സ് എന്നിവയുടെ ഡയറക്ടര്‍മാരാണെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ചും റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ച് നല്‍കാതെയും വിശ്വാസ വഞ്ചന നടത്തിയതിന് തൃശൂര്‍ വെസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

കൂടാതെ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 62 പരാതിക്കാരുണ്ട്. വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകള്‍ പിന്നീട് സി ബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. ശ്രീനിവാസനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജില്ല ജയിലിലേക്ക് അയച്ചിട്ടുണ്ട്. ‘ബഡ്‌സ്’ ആക്ട് പ്രകാരം പ്രതികളുടെയും മറ്റ് ഡയറക്ടര്‍മാരുടെയും സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close