top news
ഗുദാം ആർട്ട് ഗാലറിയിൽ നവീകരിച്ച കഫേയുടെയും, ബുക്ക് ലൈബ്രറിയുടെയും ഉദ്ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു.
കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ കോഴിക്കോട് ഗുജറാത്തി സ്‌ട്രീറ്റിൽ ഗുദാം ആർട്ട് ഗാലറിയിൽ നവീകരിച്ച കഫെയുടെയും, ബുക്ക് ലൈബ്രറിയുടെയും ഉദ്ഘാടനം കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് നിർവ്വഹിച്ചു.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങിൽ സാഹിത്യ പ്രേമികൾ, കലാസ്വാദകർ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉൾപ്പടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്തു.
കലയും സാഹിത്യവും പൈതൃകവും സാംസ്‌കാരിക വൈവിധ്യങ്ങളും ഒരുമിച്ച് ആസ്വദിക്കാനുള്ള ഇടം ഒരുക്കിയ ഗുദാം ആർട്ട് ഗാലറി കഴിഞ്ഞ ഒമ്പത് വർഷമായി കോഴിക്കോടിന്റെ സാംസ്‌കാരിക രംഗത്ത് ഒരു നാഴികക്കല്ലാണ്.
ഉദ്ഘാടന വേളയിൽ ഡോ. ബീനാ ഫിലിപ്പ് കോഴിക്കോടുള്ള സാംസ്‌കാരിക കേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. “ഗുദാം ഒരു കഫേ മാത്രമല്ല, ക്രിയേറ്റീവ് സ്പെസും, പുസ്തകപ്രേമികളുടെ താവളവുമാണ്. നവീന ആശയങ്ങൾ തഴച്ചു വളരുന്ന ഇടമാണ് ഗുദാം എന്നും അവർ കൂട്ടിച്ചേർത്തു.
ഉദ്ഘാടനത്തിന് ശേഷം സന്ദർശകർ ഗാലറിയും ചിത്രങ്ങളും ആസ്വദിച്ചു. ചൂടുള്ള കാപ്പിയും കലയും സാഹിത്യവും ഒരുമിച്ച് ആസ്വദിക്കാനുള്ള ഇടമായി കഫേ മാറിക്കഴിഞ്ഞു.
യുനെസ്‌കോ സാഹിത്യ നഗരം പദവി കൂടി കരസ്തമാക്കിയ കോഴിക്കോട് നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്കും, യാത്രക്കാർക്കും വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള പുസ്തകങ്ങൾ നിറഞ്ഞ ബുക്ക് ലൈബ്രറി കോഴിക്കോട്ടിന്റെ സാഹിത്യ പാരമ്പര്യത്തെകൂടി പ്രതിനിതീകരിക്കുന്നു.
2015 ൽ പ്രവാസി സംരംഭകനായ ബടായക്കണ്ടി ബഷീർ ആരംഭിച്ച ഈ ഗാലറി ഇതിനകം കോഴിക്കോട് നഗരത്തിലെ യുവാക്കളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.
ഗുദാം ഇന്ന് ഒരു പഴയ പാണ്ടികശാല കെട്ടിടം മാത്രമല്ല, കലയും സാഹിത്യവും പങ്കിടുന്ന ഒരു കമ്യൂണിറ്റി കൂടിയാണ്. കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ മികച്ച തുടർച്ചയാണ് ഗുദാം.
ഉദ്ഘാടന വേളയിൽ എഞ്ചിനീയർ ഹാഷിർ അലി ടി പി എം, റാബിയ ബഷീർ, മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ,
ഗുദാം ജനറൽ മാനേജർ അൻഷാദ് ഗുരുവായൂർ തുടങ്ങിയവർ പങ്കെടുത്തു.
ഗുദാം രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്നതായിരിക്കും.
……………………
കൂടുതൽ വിവരങ്ങൾക്ക് /അന്വേഷണങ്ങൾക്ക്
അൻഷാദ് :+91 98472 42220