top news
വയനാട് ദുരന്തം: നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക അദാലത്ത് നടത്തും
കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാന്‍ ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകള്‍ക്കായി 12 കൗണ്ടറുകളായി പ്രവര്‍ത്തിക്കും. അതേസമയം വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും രേഖകള്‍ വീണ്ടെടുക്കാനുളള അദാലത്തും ഇന്ന് നടക്കും. രാവിലെ പത്ത് മണി മുതല്‍ സെന്റ് ജോര്‍ജ് ഹൈ സ്‌കൂളില്‍ വെച്ചാണ് അദാലത്ത് നടക്കുക. വിവിധ വകുപ്പകള്‍ക്കായി 12 കൗണ്ടറുകളായാണ് അദാലത്തില്‍ ഉണ്ടാവുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തില്‍ പങ്കെടുക്കുന്നതാണ്.
വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കും. ഇരയായവര്‍ക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ദുരന്ത പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വിഎം ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.
അതേസമയം ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബന്ധുവീടുകളിലേക്ക് പോകുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുന്നതാണ്. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുനരധിവാസം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ക്യാമ്പിലുള്ളവര്‍ക്ക് അടിയന്തര ധനസഹായം ഉടന്‍ കൈമാറും. പണം കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കെടുത്ത് ആളുകളുടെ അക്കൗണ്ട് നമ്പര്‍ അടക്കം ശേഖരിച്ച ശേഷം പണം കൈമാറുമെന്നും മന്ത്രി പറഞ്ഞിരുന്നു.