top news
‘നാട്ടു നാട്ടു’ഗാനത്തിലെ കൊട്ടാരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
2022 ല്‍ രാജമൗലി സംവിധാനം ചെയ്ത ചിത്രമായ ആര്‍ആര്‍ആര്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ അത്രപെട്ടെന്ന് മറക്കാനിടയില്ല. പ്രത്യേകിച്ച് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ നേടികൊടുത്ത ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം. ആ ഗാനം ചിത്രീകരിച്ചിരിച്ചത് ഇന്ത്യയിലാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ആ ഗാനത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത് യുക്രൈനിലാണെന്നതാണ് വാസ്തവം. യുക്രൈനിലെ മാരിന്‍സ്കി കൊട്ടാരത്തിന്റെ പരിസരങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം.2022 ലെ റഷ്യന്‍ അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ‘നാട്ടു നാട്ടു’ എന്ന ഗാനം മാരിന്‍സ്കി കൊട്ടാരത്തില്‍ ചിത്രീകരിച്ചത്.
ഗാനത്തിന്റെ ചിത്രീകരണം ആദ്യം നടത്താനിരുന്നത് ഇന്ത്യയില്‍ തന്നെയായിരുന്നു. എന്നാല്‍ മഴക്കാലമായതിനാല്‍ അത് സാധ്യമായില്ല. അങ്ങനെയാണ് യുക്രൈനിലെ കീവിലുള്ള കൊട്ടാരത്തിലെത്തുന്നത്. ഇപ്പോഴിതാ ഈ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രേ മോദി സന്ദര്‍ശനം നടത്തിയിരിക്കുകയാണ്.യുക്രൈന് സന്ദര്‍ശനത്തിനിടെയായിരുന്നു പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയോടൊപ്പം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
1991 ന് ശേഷം ആദ്യമായാണ് യുക്രൈനില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും ഒപ്പം പോളണ്ടില്‍ നിന്ന് 10 മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി മോദി യുക്രൈനിലെ കീവില്‍ എത്തിയത്. റഷ്യ – യുക്രൈയിന് സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മോദി യുക്രൈയിന് പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടത്തുമെന്നും വിവരങ്ങളുണ്ട്.