ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം തെറ്റൊന്ന് തെളിഞ്ഞാല്‍ തിരിച്ചും നടപടി ഉണ്ടാകണമെന്ന് താരം പ്രതികരിച്ചു.
ഇരകളുടെ പേരുകള്‍ സംരക്ഷിക്കപെടണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പേരുകള്‍ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് താന്‍ അല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. താര സംഘടനയായ അമ്മയ്ക്ക് വീഴ്ച്ച സംഭിച്ചുവെന്ന് പൃഥ്വിരാജ് പറഞ്ഞു. ആരോപണ വിധേയര്‍ സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയുടെ നിലപാട് ദുര്‍ബലമാണെന്ന് പൃഥ്വിരാജ് കുറ്റപ്പെടുത്തി. അമ്മ ശക്തമായ നിലപാട് എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടതെന്നും അത് ഉടനെ വരും എന്നു പ്രതീക്ഷിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. സിനിമയിലെ തൊഴില്‍ നിഷേധത്തിനെതിരെ നടപടി വേണം. താനും അതിന്റെ ഒരു ഇരയായിരുന്നുവെന്ന് നടന്‍ പറഞ്ഞു. അന്വേഷണസംഘം തന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും സഹകരിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയിരുന്നു. ഇങ്ങനെയൊരു മാറ്റത്തിന് തുടക്കം കുറിച്ചത് സിനിമ മേഖലയില്‍ നിന്നാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് നടന്‍ പറഞ്ഞു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമാ മേഖലയില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ക്ലേവ് കൊണ്ട് കഴിയുമെങ്കില്‍ നടക്കട്ടെയെന്ന് പൃഥിരാജ് വ്യക്തമാക്കി.