top news
പി. അരവിന്ദാക്ഷൻ അവാർഡ് രജി ആർ. നായർക്ക്
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആദ്യ പ്രസിഡന്റായിരുന്ന പി. അരവിന്ദാക്ഷന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം മാതൃഭൂമി സീനിയർ സബ് എഡിറ്റർ രജി ആർ. നായർക്ക്. 2023ൽ മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ജനറൽ റിപ്പോർട്ടിനുള്ള അവാർഡ് 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
2023 ഡിസംബർ 19 മുതൽ 22 വരെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘കാണുന്നുണ്ടൊ ജീവൻ കാത്തിരിക്കുന്നവരെ, എന്ന വാർത്താപരമ്പരക്കാണു പുരസ്കാരം.
മുതിർന്ന മാധ്യമപ്രവർത്തകരായ ജോൺ മുണ്ടക്കയം, കെ. ബാബുരാജ്, എ. സജീവൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്.രാകേഷും വാർത്താക്കുറിപ്പില്‍ അറിയിച്ചു. അവയവദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന തണുപ്പൻ സമീപനവും പരമ്പര ആഴത്തിൽ പഠിച്ച് ചൂണ്ടിക്കാട്ടുന്നതായി ജൂറി വിലയിരുത്തി. പി. അരവിന്ദാക്ഷന്റെ കുടുംബമാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബുമായി ചേർന്ന് അവാർഡ് ഏർപ്പെടുത്തിയത്.
കോഴിക്കോട് സ്വദേശിനിയായ രജി ആര്‍. നായർ 2009 മുതല്‍ മാതൃഭൂമിയിലുണ്ട്.
എ.ശോഭന ടീച്ചറുടെയും പരേതനായ പി. രാധാകൃഷ്ണൻ നായരുടെയും മകളാണ്.
ഭർത്താവ് ആർ.രഞ്ജിത് ദേശാഭിമാനിയിൽ മാധ്യമ പ്രവർത്തകനാണ്. മകൻ: ഋതുനന്ദൻ.
രാംനാഥ് ഗോയങ്ക പുരസ്‌കാരം (2011)
യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍സ് ഫെസ്റ്റിന്റെ ലാഡ്‌ലി മീഡിയ അവാര്‍ഡ് (2010),കേരള മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ പുരസ്‌കാരം, (2011),എന്‍.എന്‍. സത്യവ്രതന്‍ പുരസ്‌കാരം (2013)
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ‘നമ്മുടെ ആരോഗ്യം’ പുരസ്‌കാരം (2011) , അവയവദാന സമിതിയുടെ റെഡ് റിബണ്‍ അവാര്‍ഡ് (2015) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.