top news
‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍’; കേരള പോലീസിന് കേന്ദ്രത്തിന്റെ പുരസ്‌കാരം
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരമാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്, ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 10 ന് ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പുരസ്‌കാരം സമ്മാനിക്കും.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം….
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായ ഇടപെടല്‍’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം. സെപ്റ്റംബര്‍ 10 ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്‌കാരം കൈമാറും.