top news

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച: വിമര്‍ശനം ഉന്നയിക്കാന്‍ യോഗ്യതയുള്ള ഒരാളും കേരളത്തില്‍ ഇല്ല :സുരേഷ് ഗോപി

കോഴിക്കോട്: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ഒരാള്‍പോലും കേരളത്തില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്‍പിക്കുന്നവര്‍ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു. പി.പി. മുകുന്ദന്‍ അനുസ്മരണ സമിതിയുടെ പ്രഥമ പി.പി. മുകുന്ദന്‍ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ചക്കാലമായി കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചയില്‍ പുച്ഛം തോന്നുന്നുവെന്നും ഒരു കാലത്ത് പാനൂര്‍ എന്ന ഗ്രാമം എരിഞ്ഞു തുടങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഭ്രമിച്ചുപോകുന്നതായിരുന്നു. തെരുവുവനായകള്‍ മാത്രംവിഹരിക്കുന്ന നഗരകാഴ്ചകള്‍ ടെലിവിഷനുകളില്‍ കണ്ടപ്പോള്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ ആലോചിച്ചുപോയെന്നും അന്ന് പിന്തുണ നല്‍കിയത് സംവിധായകന്‍മാരായ സിദ്ധിഖും ജോഷിയുമാണ്. സിനിമാ ലോകത്തുനിന്ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യപ്പെട്ടു. വാര്‍ത്ത പുറത്തുവന്നപ്പോള്‍ വിളിക്കുന്നത് പി.പി. മുകുന്ദേട്ടനും മുഖ്യമന്ത്രി ഇ.കെ. നായനാരുമാണ്. ഇന്ന് ചര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒന്ന് റിവേഴ്‌സ് ഗിയറില്‍ പോകണം.

കണ്ണൂര്‍ കളക്ടറ്റേറില്‍ എത്ര ദിവസം നായനാരും ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദനും സമാധാന പുനസ്ഥാപനത്തിനുള്ള ഇച്ഛ നടപ്പാക്കാന്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയെന്ന് അറിയണം. രണ്ടു മനസുകള്‍ രാഷ്ട്രീയ വൈരുധ്യം മറന്നാണ് പ്രവര്‍ത്തിച്ചത്.

ജനാധിപത്യം എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ളതാണെന്നും രാഷ്ട്രീയ തൊട്ടുകൂടായ്മ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുകൂടായ്മയ്ക്ക് പ്രോത്സാഹനം ചെയ്യുന്നവരും തുല്യക്രിമിനലുകളാണ്. ഇന്ന് നമ്മെ ചോദ്യം ചെയ്യാന്‍ യോഗ്യനായ ഒരാളും മറുപക്ഷത്തില്ല. തന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ രണ്ടുപേരില്‍ ഒരാളാണ് മുകുന്ദന്‍. മറ്റൊരാള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് മറ്റൊരാള്‍. ഏറ്റവും ചരിത്രപരമായ സാമൂഹ്യ രാഷ്ട്രീയ ഇടപെടലിനു പ്ലാറ്റ്‌ഫോം ഒരുക്കിയത് ഇവര്‍ രണ്ടുപേരുമാണെന്നു അദ്ദേഹം പറഞ്ഞു. കോഴിക്കോട് വച്ച് തനിക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാരമാണ് പി.പി. മുകുന്ദന്റെ പേരിലുള്ള സേവാപുരസ്‌കാരമെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close