top news
സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍
മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍. വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയില്‍ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്.
താരപരിവേഷത്തില്‍ മിന്നിത്തിളങ്ങുമ്പോള്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്താണ് മധു മലയാള സിനിമയെ ഞെട്ടിച്ചിരുന്നത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അധ്യാപന ജോലിയുടെ ചുമതലകളില്‍ നിന്ന് മധുവിനെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തിച്ചത്. തുടര്‍ന്ന് അമിതാഭ് ബച്ചനൊപ്പം സാഥ് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറ്റം.
നസീറും സത്യനും വെള്ളിത്തിരയില്‍ നിറഞ്ഞാടിയ കാലത്ത് മലയാളത്തില്‍ രംഗപ്രവേശം. എം.എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു ആദ്യ ചിത്രം. മലയാളിയുടെ വിരഹത്തിന്റെ മുഖമായിരുന്ന ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍ , സ്വയംവരത്തിലെ വിശ്വം മധുവിലെ അഭിനയ പാടവം വെളിവാക്കുന്ന കഥാപാത്രങ്ങളില്‍ ചിലത് മാത്രം. ഓളവും തീരവും, ഉമ്മാച്ചു,ഇതാ ഇവിടെവരെ, ഏണിപ്പടികള്‍, ഒറ്റയടിപ്പാതകള്‍ നാടുവാഴികള്‍,സ്പിരിറ്റ് തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും കച്ചവടവിജയ ചിത്രങ്ങളിലും നായകനായും, സഹനടനായും, വില്ലനായുമൊക്കെ മധു തിളങ്ങി.
എഴുപതുകളിലും എണ്‍പതുകളിലും പി ചന്ദ്രകുമാര്‍- മധു കൂട്ടുകെട്ടുകളില്‍ നിരവധി വിജയ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ പതിവുകള്‍ക്കും മീതെ ഒരു സ്റ്റുഡിയോ സ്ഥാപിക്കുന്നതില്‍ വരെയെത്തിനിന്നു അദ്ദേഹത്തിന്റെ സിനിമാക്കമ്പം. പന്ത്രണ്ടോളം സിനിമകള്‍ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.
ടെലിവിഷന്‍ പരമ്പരകളിലും നിറ സാന്നിധ്യമായിരുന്ന മധു, ജെ സി ഡാനിയേല്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ചലച്ചിത്ര മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. തിരക്കുകളില്‍ നിന്ന് അകലം പാലിച്ച് വിശ്രമ ജീവിതം നയിക്കുന്ന മധു, അനുയോജ്യ വേഷങ്ങള്‍ ലഭിച്ച മടങ്ങിവരാനും തയാറാണ്.