തിരുവല്ല: വഖഫ് ഭൂമി സംബന്ധിച്ച് ഉണ്ടായിട്ടുള്ള അവകാശ വാദങ്ങളില്‍ പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിലുള്ള ആകുലതകള്‍ പരിഹരിക്കപ്പെടാത്തത് സമൂദായങ്ങള്‍ക്കിടയിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെടുവാന്‍ കാരണമാകും. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം ഗ്രാമങ്ങളില്‍ തലമുറകളായി നിയമപരമായി കൈവശം വെച്ചിരിക്കുന്ന നിരവധി സ്വത്തുക്കളില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുന്നത് അറുനൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാക്കിയിരിക്കുകയാണ്. ഒരു ക്രൈസ്തവ ദേവാലയം, കോണ്‍വെന്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്. ഈ വിഷയത്തില്‍ കേരളത്തിലെ ഭരണ – പ്രതിപക്ഷ മുന്നണികള്‍ നിഷ്പക്ഷവും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതുമായ നിലപാടുകള്‍ സ്വീകരിക്കണം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനും ഇന്ത്യന്‍ പൗരന്മാരുടെ നിയമാനുസൃതമായ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ക്ക് മേലുള്ള ഇത്തരം അവകാശവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുമുള്ള നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഈ പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന ജനതയ്ക്ക് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുന്നു. മതപരമായ പരിഗണനകള്‍ക്ക് അപ്പുറത്ത് നിഷ്പക്ഷമായി വിഷയങ്ങളെ പരിഗണിക്കുവാനും പരിഹരിക്കുവാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും തയ്യാറാകാത്തത് അപലപനീയമാണ്. സമീപകാലത്തെ പല സംഭവങ്ങളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇത് കേരളത്തിലെ ന്യൂനപക്ഷമായ ക്രൈസ്തവരെ അരക്ഷിതരാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന സംശയം ഉളവാക്കുന്നു എന്നും കെ.സി.സി. ചുമതലക്കാര്‍ മുനമ്പം സമരത്തില്‍ പങ്കാളികളാകുമെന്നും കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്താ, ജനറല്‍ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.