KERALAlocaltop news

സാമൂഹിക സുരക്ഷാപെൻഷൻ: അർഹതയുള്ളവരുടെ അപേക്ഷകൾ തള്ളരുത്: മനുഷ്യാവകാശ കമ്മീഷൻ

 

 

കോഴിക്കോട് : സാമൂഹിക സുരക്ഷാപെൻഷൻ ലഭിക്കാൻ അർഹതയുള്ളവരുടെ അപേക്ഷകൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് തള്ളിക്കളയരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. അതേസമയം അനർഹരുടെ അപക്ഷകൾ തള്ളണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.

ഭൂമിയോ വീടോ ഇല്ലാതെ മൂന്ന് മക്കൾക്കൊപ്പം ഭർത്ത്യവീട്ടിൽ താമസിക്കുന്ന, ഭർത്താവ് മരിച്ച നിർദ്ധന വനിതയ്ക്ക് തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് സാമൂഹിക സുരക്ഷാപെൻഷൻ നിഷേധിച്ചതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഇവർക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യമുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്. എന്നാൽ സാമൂഹിക സുരക്ഷാ പെൻഷനുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായാണ് പഞ്ചായത്ത് സെക്രട്ടറി പ്രവർത്തിച്ചതെന്ന് നാട്ടൊരുമ പൗരാവകാശ സമിതിക്ക് വേണ്ടി പി. സി. അബ്ദുൾ അസീസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു. തേഞ്ഞിപ്പലം സ്വദേശിനി സുഹറക്ക് വേണ്ടിയാണ് പരാതി സമർപ്പിച്ചത്. ഭർത്താവിന്റെ മരണശേഷം ഭർത്ത്യമാതാവിന്റെ വീട്ടിലാണ് സുഹറ താമസിക്കുന്നത്. ഇസ്ലാമിക ശരിഅത്ത് നിയമപ്രകാരം ഭർത്താവിന്റെ മരണശേഷം പ്രസ്തുത വീട്ടിൽ സുഹറക്കോ മക്കൾക്കോ യാതൊരു അവകാശവുമില്ല. എന്നാൽ 147.81 ചതുരശ്രമീറ്ററുള്ള ഈ വീട്ടിൽ എയർ കണ്ടീഷണർ ഉണ്ടെന്ന ന്യായം പറഞ്ഞാണ് വിധവാ പെൻഷൻ നിഷേധിച്ചത്. ചേളാരി പോക്കാട്ടുങ്ങൽ സുഹറയുടെ വിധവാ പെൻഷനുള്ള അപേക്ഷ പുന:പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അർഹതപ്പെട്ട മറ്റാനുകൂല്യങ്ങൾ നിയമാനുസൃതം അനുവദിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close