തിരുവമ്പാടി: വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പ് യു.ഡി.എഫ് പ്രചാരണ കമ്മിറ്റിയിൽ നിന്ന് തിരുവമ്പാടിയിൽ മുസ്‌ലിം ലീഗിൻ്റെ ആറ് ബൂത്ത് കൺവീനർമാർ രാജിവെച്ചു . ലീഗിൻ്റെ എട്ട് ബൂത്ത് കൺവീനർ ന്മാരിൽ ആറ് പേരാണ് പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡൻ്റ് കോയ പുതുവയലിന് രാജി നൽകിയത്. രാജി വിവരം യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനേ അറിയിച്ചതായി ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കോയ പുതുവയൽ പറഞ്ഞു.
നിഷാദ് ഭാസ്ക്കരൻ,അറഫി കാട്ടിപരുത്തി,റഫീഖ് തെങ്ങിൻച്ചാലിൽ,ജാബിർ മംഗലശ്ശേരി,.ജാനാസ് പരുത്തിക്കുന്നേൽ,നിഷാദ് ചോലക്കൽ എന്നിവരാണ് രാജിവെച്ച ബൂത്ത് കൺവീനർ ന്മാർ . ഒക്ടോബർ 21 ന് നടന്ന യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ലീഗിലെ ചേരിപ്പോര് കാരണം ബഹളത്തിൽ കലാശിച്ച് കസേരയിൽ നിന്ന് വീണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസന് കാലിന് പരിക്കേറ്റിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പദവി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം. ഷൗക്കത്തലിക്ക് നൽകിയതിൽ ഒരു വിഭാഗം ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത് ബഹളത്തിൽ കലാശിക്കുകയായിരുന്നു. ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കോയ പുതുവയലിനെ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റാക്കണമെന്നായിരുന്നു ഈ വിഭാഗത്തിൻ്റെ ആവശ്യം . പഞ്ചായത്ത് കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനം മറിക്കടന്ന് ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി. കെ. കാസിം കൺവെൻഷനിൽ ഏകപക്ഷീയ തീരുമാനമെടുത്തുവെന്നാണ് ആരോപണം . പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ല കമ്മിറ്റിയെ സമീപിച്ചെങ്കിലും നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് ബൂത്ത് കൺവീനർ ന്മാർ രാജിവെച്ചതെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കോയ പുതുവയൽ , വൈസ് പ്രസിഡൻ്റുന്മാരായ സാഫിർ ദാരിമി , ഷംസു കീഴേപ്പാട്ട് , സെക്രട്ടറി റഫീക്ക് തെങ്ങും ചാലിൽ , ട്രഷർ സിയാദ് പര്യാടത്ത് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
.