കോഴിക്കോട്: കെട്ടിട നിർമ്മാണത്തിന് കുടിവെള്ളം ഉപയോഗിച്ചെന്ന് ആരോപിച്ച് ഗാർഹിക കണക്ഷൻ ഗാർഹികേതര കണക്ഷനാക്കി മാറ്റിയ ജല അതോറിറ്റിയുടെ നടപടി അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഗാർഹിക കണക്ഷൻ പുന:സ്ഥാപിച്ച് അതിനനുസരിച്ച് ബില്ലുകൾ തയ്യാറാക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജലഅതോറിറ്റി സബ്ജിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ഗോവിന്ദപുരം സ്വദേശിനി എം. വവിതകുമാരിയുടെ പരാതിയിലാണ് നടപടി.വീടിന്റെ അറ്റകുറ്റപണികൾ നടക്കുന്നതായി മനസിലാക്കിയ ജലഅതോറിറ്റി ഉദ്യോഗസ്ഥർ ഗാർഹിക കണക്ഷൻ ഗാർഹികേതര കണക്ഷനാക്കി മാറ്റിയെന്നാണ് പരാതി. 7925 രൂപയുടെ ബില്ലും നൽകി. പരാതിക്കാരിയുടെ വീട്ടിൽ കിണറുണ്ടെങ്കിലും 2000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഗാർഹികേതര ആവശ്യങ്ങൾക്ക് കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നതെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ പരാതിക്കാരിയുടെ കുടിവെള്ള ഉപഭോഗം പരിശോധിച്ചു. 2022 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെയുള്ള സമയത്തെ ഉപഭോഗം 2023 സെപ്റ്റംബറിന് ശേഷമുള്ള ഉപഭോഗത്തെക്കാൾ കൂടുതലാണെന്ന് കമ്മീഷൻ കണ്ടെത്തി. ഉപഭോഗത്തിലെ വർദ്ധനവ് കുടിവെള്ളം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുകൊണ്ടാണെന്ന ജലഅതോറിറ്റിയുടെ നിലപാട് , ഇതുകൊണ്ടുതന്നെ യുക്തിക്ക് നിരക്കുന്നതല്ല. 2023 സെപ്റ്റംബറിന് ശേഷം മീറ്റർ റീഡിങ്ങിൽ ക്രമാനുഗതമായ വർധനവുണ്ടെന്നാണ് ജല അതോറിറ്റിയുടെ കണ്ടെത്തൽ. ഈ സമയത്ത് കെട്ടിട നിർമ്മാണം നടന്നതെന്നാണ് ജലഅതോറിറ്റിയുടെ വിശദീകരണം. ഈ വാദമാണ് കമ്മീഷൻ തള്ളിയത്.