എറണാകുളം : സീറോ മലബാർ സഭയിൽ ഡിസംബർ 18 ന് സ്ഥാപിതമായ മതവിചാരണ കോടതിയെ രൂക്ഷമയി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കും വിധം മതവിചാരണ കോടതികളും ശിക്ഷാവിധിയും നടപ്പാക്കാൻ തീരുമാനിച്ച സഭയെ നിലയ്ക്ക് നിർത്താൻ ഇന്ത്യൻ നീതിന്യായ സംവിധാനം തയ്യാറാവണമെന്ന് ഫേസ്ബുക്ക് പേജിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. കുറിപ്പിൻ്റെ പൂർണരൂപം താഴെ –
*സീറോ മലബാർ സഭയുടെ ക്രിസ്‌തുമസ്സ് സമ്മാനം*
വിദ്യാഭാസ ആരോഗ്യ മേഖലകളിലും സാമൂഹ്യ സാംസ്കാരിക രംഗത്തും ഒട്ടനവധി മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയവരാണ് കേരളത്തിലെ സീറോ മലബാർ സഭ . ആ സഭയുടെ പുതിയ സംരംഭം 2024 ഡിസംബർ 18 ന് ആരംഭിച്ചിട്ടുണ്ട്. കേരള സമൂഹത്തിനും പ്രത്യേകമായി സഭാഗങ്ങൾക്കുമുള്ള ക്രിസ്തുമസ്സ് സമ്മാനമായി ഇതിനെ കരുതാവുന്നതാണ്. എറണാകുളം ജില്ലയിലെ കാക്കനാട്ടുള്ള
ആസ്ഥാന കേന്ദ്രത്തിലാണ് ഇതിൻ്റെ തുടക്കം.
*മതവിചാരണ കോടതി എന്നാണ് ഈ പുതിയ സംരംഭത്തിൻ്റെ പേര്.* ഇനി മുതൽ കേരളത്തിലെ മറ്റ് മതങ്ങൾക്കും വേണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കും സമാനമായ രീതിയിൽ കോടതികൾ ആരംഭിക്കാവുന്നതാണ്. കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് പണ്ടേ തന്നെ പാർട്ടി കോടതികൾ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ വർഗ്ഗ ശത്രുക്കളുടെ അപവാദമെന്നതാണ് പാർട്ടിലൈൻ . എന്നാൽ കേരളത്തിലെ സീറോമലബാർ സഭയിൽ സഭാതലവൻ തന്നെ കുറ്റവിചാരണ കോടതി സ്ഥാപിക്കുകയും അത് പത്രക്കുറിപ്പിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ എല്ലാ മതങ്ങളും വെവ്വേറെ കുറ്റവിചാരണ കോടതികൾ സ്ഥാപിച്ച് വ്യവഹാരങ്ങൾ നടത്തിയാൽ സിവിൽ കോടതികളുടെ ജോലിഭാരം എത്രയോ കുറഞ്ഞേനേ!!!! ആയിരക്കണക്കിന് കേസുകളല്ലേ അവിടെ കെട്ടി കിടക്കുന്നത്. !!!!
*എന്തായാലും ഈ മത കോടതികൾ സ്ഥാപിക്കാൻ യേശുവിൻ്റെ ജന്മദിനം ആഘോഷിക്കുന്ന ക്രിസ്തുമസ് കാലം തന്നെ തെരെഞ്ഞെടുത്തത് വളരെ നന്നായി.* ഇപ്പോൾ മുതൽ ഉത്സാഹിച്ചാൽ ഈ വരുന്ന വലിയ നോമ്പുകാലത്ത് തന്നെ കുറെപ്പേരെ വിചാരണ ചെയ്യുകയും പീഡാനുഭവ ആഴ്ചയിൽ തന്നെ ശിക്ഷ വിധിക്കുകയും പറ്റുമെങ്കിൽ ദുഃഖ വെള്ളിയാഴ്ച കുരിശിൽ തറയ്ക്കുകയും ചെയ്യാം. തുടക്കം എന്തായാലും ഗംഭീരമാക്കണം.
അവിടം കൊണ്ടും അവസാനിപ്പിക്കരുത് സൈബർ കിങ്കരൻമാരെ ഉപയോഗിച്ച് അവരുടെ കല്ലറയ്ക്ക് കാവൽ നിർത്തണം. ഒരുവനെയും ഉയിർത്തെഴുനേല്ക്കാൻ അനുവദിക്കരുത്. ങ്ഹാ!!! (എല്ലാവരെയും പാഠം പഠിപ്പിക്കണം.)
*മതവിചാരണ കോടതികൾ മാത്രം മതിയോ ??? പോരാ… പോരാ…* ചില അനുബന്ധ സ്ഥാപനങ്ങൾകൂടി അടിയന്തിരമായി സ്ഥാപിക്കണം. കുറ്റവിചാരണയ്ക്ക് വിധേയരാകുന്ന ദൈവജനത്തെ വിചാരണക്കാലത്ത് പാർപ്പിക്കാൻ കൽത്തുറുങ്കുകളും അവരെ ചട്ടം പഠിപ്പിക്കാൻ ഇടിമുറികളും പീഡനയന്ത്രങ്ങളും സ്ഥാപിക്കണം.
*ശിക്ഷ വിധിച്ചാൽ മാത്രം മതിയോ !!!! അത് നടപ്പിലാക്കാനുള്ള സംവിധാനങ്ങളും വേണ്ടേ!!!* അതുകൊണ്ട് ജോൺ ഹസിനെയും വി. ജൊവാൻ ഓഫ് ആർക്കിനെയും ജിയോർഡാനോ ബ്രൂണോയെയും ഒക്കെ വധിച്ചതുപോലുള്ള അതിക്രൂരമായ തീച്ചൂളകളും (Burned at the stake),വി. കുരിശിൻ്റെ യോഹന്നാനെ പാർപ്പിച്ചതുപോലുള്ള ജയിലുകളും സ്ഥാപിക്കണം. ഇനി ഇതൊന്നും പോരെങ്കിൽ, കേരളത്തിലെ രാജഭരണ കാലത്ത് കുറ്റവാളികൾക്ക് ക്രൂര ശിക്ഷകൾ നല്കിയിരുന്ന ചില പീഡന ഉപകരണങ്ങൾ കൊച്ചിയിലെ ഹിൽ പാലസ് മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. ചിലപ്പോൾ വാടകയ്ക്ക് കിട്ടുമായിരിക്കും. ഇല്ലെങ്കിൽ പകർപ്പെടുത്ത് പുതിയവ നിർമിക്കാം…. യൂറോപ്യൻ മോഡൽ മാത്രമല്ല കേരള മോഡൽ ശിക്ഷകളും പരീക്ഷിക്കാവുന്നതാണ്.
………………………………………
*ഇങ്ങനെയൊക്കെ വിമർശിക്കേണ്ടി വരുന്നതിൽ തെല്ല് സങ്കടമുണ്ട്. ദയവായി ക്ഷമിക്കുക. നിങ്ങൾ* *യേശുവിനെ പൊതുസമുഹമധ്യേ ഇങ്ങനെ അവഹേളിക്കുന്നതിലുള്ള* *രോഷം കൊണ്ട് എഴുതിപ്പോകുന്നതാണ്.*
സീനിയറായ ഒരു ബിഷപ്പ് ഈ അടുത്ത ദിവസങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ കൂടി കുറിക്കട്ടെ ” *സീറോ മലബാർ സഭയിലെ ഇപ്പോഴെത്തെ പ്രശ്നങ്ങൾക്ക്* *കാരണക്കാർ ഞങ്ങൾ ബിഷപ്പുമാർ തന്നെയാണ്. പ്രശ്നം രമ്യമായി പരിഹരിക്കാൻ ഞങ്ങളിൽ പലരും* *ആവശ്യപ്പെട്ടതാണ്. ചില മെത്രാൻമാരുടെ*
*പിടിവാശിയാണ് കാര്യങ്ങൾ ഇങ്ങനെ വഷളാക്കുന്നത് ” !!!*
ആ കുറച്ചു പേരോട് എനിക്ക് പറയാനുള്ളത് ‘നിങ്ങളുടെ പിടിവാശിമൂലം നശിക്കുന്നത് പൊതുസമൂഹത്തിന് സഭയോടുള്ള ആഭിമുഖ്യം മാത്രമല്ല, മതങ്ങളോട് പൊതുവേയുള്ള ആഭിമുഖ്യവുമാണ്.
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ!!!
ഫാ. അജി പുതിയാപറമ്പിൽ
21/12/2024