എറണാകുളം :
*അനുസരണം എപ്പോഴും അത്ര പുണ്യമല്ല !!!*
അനുസരണമെന്നത് ഒരു മഹാപുണ്യമാണെന്നാണ് നമ്മിൽ പലരും ധരിച്ചിരിക്കുന്നത്. എന്നാൽ അനുസരണം എപ്പോഴും ഒരു പുണ്യമാകണമെന്നില്ല.!! ചിലപ്പോൾ അത് പാപവും മറ്റു ചിലപ്പോൾ മഹാദുരന്തവുമാകാം.
അനുസരണത്തിലെ പാപവും പുണ്യവും പ്രധാനമായും രണ്ട് വസ്തുതകളെ ആശ്രയിച്ചിരിക്കുന്നു.
ഒന്ന്: ആരെ അനുസരിക്കുന്നു എന്നതിനെയും
രണ്ട്: എന്തിനെ അനുസരിക്കുന്നു എന്നതിനെയും .
ഏതാനും ചില വ്യക്തികളുടെ ഉദാഹരണങ്ങളിലൂടെ നമുക്കിത് കൂടുതൽ വ്യക്തമാകും.
*1. ഹെൻറിച്ച് ഹെമ്ലർ* : തൻ്റെ നേതാവിനെ അക്ഷരം പ്രതി അനുസരിക്കുകയും അദ്ദേഹത്തിൻ്റെ ആജ്ഞകൾ അണുവിട തെറ്റാതെ നടപ്പിൽ വരുത്തുകയും ചെയ്ത വ്യക്തി. എന്നാൽ അദ്ദേഹം അനുസരിച്ചത് അഡോൾഫ് ഹിറ്റ്ലറെയും അദ്ദേഹത്തിൻ്റെ ഉത്തരവുകളെയുമാണ്. ഫലമോ !!! അറുപത് ലക്ഷത്തോളം യഹൂദരെ ക്രൂരമായി കൊന്നൊടുക്കിയ വംശഹത്യയുടെ (ഹോളോകോസ്റ്റ്) രൂപകല്പനയും നടപ്പിലാക്കലും.
*2. ലാവ്റെൻ്റി ബെറിയ*: സോവിയറ്റ് യൂണിയന്റെ രഹസ്യ പോലീസ് മേധാവിയായിരുന്നു. റഷ്യൻ ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിൻ്റെ അപ്രീതിക്ക് പാത്രമായ പതിനായിരക്കണക്കിന് മനുഷ്യരെ അറസ്റ്റ് ചെയ്യുകയും വധിക്കുകയും നാടുകടത്തുകയും ചെയ്ത നേതാവ്. സ്റ്റാലിനോടുള്ള ബെറിയയുടെ അന്ധമായ അനുസരണം ലക്ഷക്കണക്കിന് റഷ്യക്കാരുടെ ജീവിതം നരകതുല്യമാക്കി.
*3. അലിഹസൻ അൽ മജീദ്*: കെമിക്കൽ അലി എന്ന വിളിപ്പേരുള്ളയാൾ. ഇറാക്കിൻ്റെ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്റെ വലംകൈ . കുർദ് വംശജരെ കൂട്ടക്കൊല ചെയ്യുന്നതിനായി രാസായുധം പ്രയോഗിച്ചു കുപ്രസിദ്ധി നേടിയ ആൾ.
ചരിത്രത്തിൽ മുങ്ങിത്തപ്പണമെന്നൊന്നുന്നുമില്ല, ഈ വർത്തമാന കാലത്തും , എത്ര പേരുകൾ വേണമെങ്കിലും ലിസ്റ്റിൽ ചേർത്താൻ പറ്റിയതുണ്ട്. !! ക്രൂരൻമാരായ ഏകാധിപതികൾക്ക് എക്കാലവും അതിവിശ്വസ്തരായ അനുയായികൾ ഉണ്ടായിരുന്നു. തങ്ങളുടെ നേതാവ് പറയുന്നതെന്തും അന്ധമായി അനുസരിച്ചിരുന്നവർ. !!!
ഇവർ ചെയ്തതും അനുസരണം തന്നെയാണ്.
എന്നാൽ ഇവരുടെ അനുസരണം പുണ്യമാണെന്ന് ആരെങ്കിലും കരുതുമോ?
ഒരിക്കലുമില്ല!!!!
ഇനി നമുക്ക് നാലാമതൊരാളെ പരിചയപ്പെടാം.
*4. യേശുക്രിസ്തു*: യേശുവിൻ്റെ അനുസരണത്തെപ്പറ്റി വി.ഗ്രന്ഥം വരച്ചിടുന്നത് ഇങ്ങനെയാണ്, ” തൻ്റെ കുരിശുമരണം വരെ അനുസരണമുള്ളവനായി അവിടുന്ന് തന്നെ തന്നെ താഴ്ത്തി (ഫിലി; 2:8). അനുസരണത്തെപ്രതി സ്വന്തം ജീവൻ ബലികഴിച്ചവനാണ് യേശു.
*യേശുവിൻ്റെ അനുസരണവും മുകളിൽ സൂചിപ്പിച്ച മൂന്നു പേരുടെ അനുസരണവും തമ്മിൽ പ്രത്യക്ഷത്തിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവരെ പൂർണ്ണമായി അനുസരിച്ചവരാണ്. എന്നാൽ വ്യത്യാസമുള്ളത് ആരെ അനുസരിച്ചു എന്നതും എന്ത് അനുസരിച്ചു എന്നതുമാണ്.*
യേശു അനുസരിച്ചത് പിതാവായ ദൈവത്തെയും അവിടുത്തെ സ്നേഹശാസനങ്ങളെയുമാണ്. ദൈവത്തെ പൂർണ്ണമായി അനുസരിച്ചപ്പോൾ യേശുവിന് പലരെയും ധിക്കരിക്കേണ്ടി വന്നു എന്നു മാത്രം. അക്കൂട്ടത്തിൽ പുരോഹിത പ്രമുഖൻമാരും രാജാക്കൻമാരും ദേശപ്രമാണികളുമുണ്ട്.
ഈ ധിക്കാരമാണ് യേശുവിന് കുരിശുമരണം സമ്മാനിച്ചത്.
നന്മയേയും തിന്മയേയും ഒരേ സമയം അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നവർ ഉണ്ടാവാം. പക്ഷെ യേശുവിന് അതിന് കഴിഞ്ഞില്ല.
*ആരെയാണ് നമ്മൾ മാതൃകയാക്കുക ???.* യേശുവിനെയും അവൻ്റെ സ്നേഹത്തിൻ്റെ ദൂതുകളെയും യഥാർത്ഥത്തിൽ നാം അനുസരിക്കാൻ ആരംഭിച്ചാൽ മറ്റു പലരെയും നമുക്ക് ധിക്കരിക്കേണ്ടി വരും. അതിൽ മതനേതൃത്വവും നാട്ടുരാജാവും ദേശ പ്രമാണിയും കണ്ടേക്കാം.
അങ്ങനെ ചെയ്താൽ അധികം വിദൂരത്തല്ലാതെ ഒരു കുരിശുമരം നിങ്ങളെയും കാത്തിരിക്കുന്നുണ്ടാകും. യേശുവിന് കിട്ടിയതുപോലെ!!!!
ബോബിയച്ചൻ്റെ ഭാഷയിൽ പറഞ്ഞാൽ
‘ അവർക്കുള്ള വാഴ്ത്തായിരിക്കും യേശുവിനെ പ്രതി കുരിശുമരണം വരെ
കീഴ്‌വഴങ്ങി എന്നുള്ളത് ‘.
ഫാ. അജി പുതിയാപറമ്പിൽ
22/12/2024