Politics

കോഴിക്കോട് :   ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകളും കെ സ്മാർട്ടിലെ സാങ്കേതികപ്രശ്നങ്ങളും കോർപ്പറേഷൻ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതായി കൗൺസിലിൽ രൂക്ഷവിമർശനം. മേയർ ഒ. സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരും സെക്രട്ടറിയുമുൾപ്പെടെയുള്ളവർ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി.
ഒക്ടോബറിൽ നടത്തിയ രണ്ട് ഉദ്ഘാടനങ്ങൾക്ക് ചെലവായ തുക പാസാക്കാത്തതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായി വികസനകാര്യസ്ഥിരംസമിതി അധ്യക്ഷൻ വി. പി. മനോജാണ് ശ്രദ്ധക്ഷണിച്ചത്. മന്ത്രിയും മേയറും പങ്കെടുത്ത പരിപാടിയുടെ ബിൽ നിയമാനുസൃതം ലഭിക്കേണ്ടതാണെന്നും ഇപ്പോഴും ചിലർ ഉരുട്ടിക്കളിക്കുകയാണെന്നുമായിരുന്നു വിമർശം. സ്ഥിരംസമിതി അധ്യക്ഷൻ തന്നെ ഇത്തരത്തിൽ പറയേണ്ടി വരുന്നത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്ന് യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ എസ്. വി. മുഹമ്മദ് ഷമീൽ തങ്ങൾ പറഞ്ഞു.
ഒക്ടോബറിലെ പരിപാടിക്കുള്ള മുൻകൂർതുക ജെ.എച്ച്.ഐ.ക്ക് അനുവദിക്കാൻ തീരുമാനിച്ചെങ്കിലും ആ ഫയൽ കറങ്ങിത്തിരിഞ്ഞ് എത്തിയത് ഡിസംബറിലാണെന്ന് സെക്രട്ടറി എൻ.കെ. ഹരീഷ് പറഞ്ഞു. കെ സ്മാർട്ടിലെ സാങ്കേതികപ്രശ്നമാണ് വില്ലനായത്. പണം അനുവദിക്കുന്നതിനുള്ള നടപടിയെടുക്കാൻ എലത്തൂർ മേഖലാ ഓഫീസിലെ ക്ലാർക്കിനോട് പറഞ്ഞിരുന്നു. എന്നാൽ, അയാൾ ഒരു മാസത്തെ അവധിയെടുത്ത് പോയെന്നും സെക്രട്ടറി പറഞ്ഞു. ക്ലർക്ക് ബോധപൂർവമായ അലംഭാവവും ധിക്കാരവും കാണിക്കുകയാണെന്ന് വി.പി. മനോജ് കുറ്റപ്പെടുത്തി. ഒരിക്കലും ഉദ്യോഗസ്ഥ വീഴ്ചയിൽ നടപടിയുണ്ടാകുന്നില്ലെന്ന് കൗൺസിലർ ടി.രനീഷ് പറഞ്ഞു.
പൊതുജനങ്ങൾക്ക് കെസ്മാർട്ട് സേവനം നല്ലരീതിയിൽ പ്രയോജനപ്പെടുന്നുണ്ട്. എന്നാൽ ഓഫീസിനുള്ളിലെ ഫയലുകളിൽ സാങ്കേതികപ്രശ്നങ്ങളുണ്ട്. അതിൽ ഇൻഫർമേഷൻ കേരള മിഷനിൽനിന്ന് തന്നെ മാറ്റമുണ്ടാകണമെന്നും സെക്രട്ടറി പറഞ്ഞു.
നടപടിയെടുക്കേണ്ടത് മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിയുമാണെന്നും അതിനുപറ്റുന്നില്ലെങ്കിൽ രാജിവെക്കട്ടേയെന്നും സി.പി. സലീം പറഞ്ഞു. കുറ്റകരമായ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടല്ല കോർപ്പറേഷന്റേതെന്നും പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് മേലുദ്യോഗസ്ഥരാണെന്നും മേയർ വ്യക്തമാക്കി.
മഴക്കാലപൂർവശുചീകരണത്തിനായി മണ്ണുമാന്തിയന്ത്രം ആവശ്യപ്പെട്ടപ്പോൾ ഇൻഷൂറൻസ് അടക്കാത്തതിനാൽ ലഭിച്ചില്ലെന്ന് കെ. സി. ശോഭിത പറഞ്ഞു. വാഹനങ്ങളുടെ അറ്റകുറ്റപ്പണി എൻജിനീയറിങ് വിഭാഗത്തിനാണെന്നും ആരോഗ്യവിഭാഗത്തിലെ ക്ലാർക്കാണ് ഇൻഷൂറൻസ് കാര്യങ്ങൾ ചെയ്യേണ്ടെന്നും കൃത്യമായ ചുമതലവഹിക്കുന്നില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഫയലുകൾ കൃത്യമായി പരിശോധിക്കണമെന്ന് ശോഭിത ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close