
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കടുത്ത പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ കപ്പലുകള്‍ ഗുരുതര പ്രതിസന്ധിയില്‍. ഏകദേശം 10,000 കോടി രൂപ വിലമതിക്കുന്ന ചരക്കുകളുമായി സഞ്ചരിച്ച 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍ കുടുങ്ങിയിരിക്കുകയാണ്.കടലിടുക്ക് കടന്നാല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ കപ്പല്‍ ഉടമകളുടെ സംഘടനയായ Indian National Shipowners’ Association (ഐഎന്‍എസ്എ) കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് ഐഎന്‍എസ്എ കത്ത് അയച്ചിട്ടുണ്ട്.
more news : നഗരത്തിലെ നടപ്പാതകൾ കൈയ്യേറ്റമുക്തമാക്കി കാർനടയാത്ര സുരക്ഷിതമാക്കണം: ആവർത്തിച്ച് മനുഷ്യാവകാശ കമ്മീഷൻ
ഒരു ഇന്ത്യന്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. കൂടാതെ പ്രധാനപ്പെട്ട ഊര്‍ജ്ജ ചരക്കുകള്‍ കയറ്റാനായി ചില ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസിന് തെക്കുഭാഗത്ത് കാത്തിരിക്കുകയാണെന്നും സംഘടന അറിയിച്ചു.കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇറാനും ഇസ്രയേലും ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട രാജ്യങ്ങളുമായി അടിയന്തര നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് ഐഎന്‍എസ്എയുടെ ആവശ്യം.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇറാന് ഔദ്യോഗികമായി കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്. ഇത് മറികടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇറാന് റെവല്യൂഷനറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനകം കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആറു കപ്പലുകള്‍ക്ക് നേരെ ഇറാന് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.




