
കോഴിക്കോട്: എളിമയുടെയും ലാളിത്യത്തിന്റെയും സന്ദേശവുമായി കഴുതപ്പുറത്തേറി യേശുക്രിസ്തു ജറുസലേമിലേക്ക് നടത്തിയ രാജകീയപ്രവേശത്തെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായര്‍ ആചരിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് ഇതോടെ തുടക്കമായി. കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിലെ ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് അതിരൂപതാ മെത്രാപ്പൊലീത്ത ഡോ. വർഗീസ് ചക്കാലയ്ക്കൽ കുരുത്തോല വിതരണത്തോടെ തുടക്കമിട്ടു. മലാപ്പറമ്പ് ബിഷപ്സ് ഹൗസിൽ നടന്ന കുരുത്തോല വിതരണത്തിന് ആർച്ച് ബിഷപ്പിന് പുറമെ ഫാ ജെൻസൻ പുത്തൻവീട്ടിൽ, ഫാ അല്ലോഷ്യസ് കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ബിഷപ്സ് ഹൗസിൽ നിന്ന് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിലേക്ക് നടന്ന കരുത്തോല പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ ഭക്ത്യാദരപൂർവ്വം പങ്കെടുത്തു. ക്രിസ്തുരാജ ദേവാലയത്തിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ഈശോസഭാ കേരള പ്രൊവിൻഷ്യൽ ഫാ. ഹെൻറി, വികാരി ഫാ. സോണി തോമസ്, ഫാ. ടിനു എന്നിവർ കാർമ്മികരായി. ഫാ. ഹെൻറി ഓശാന ഞായർ സന്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ദേവാലയങ്ങളിലും ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടന്നു.




