
കോഴിക്കോട്: കോഴിക്കോട് അതിരാത്രത്തിൽ രാത്രിയെ മറികടക്കുന്ന സവിശേഷ ചടങ്ങുകൾ നാളെ (വെള്ളിയാഴ്ച) നടക്കും. സാധാരണ സോമയാഗങ്ങളിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എന്നിങ്ങനെയാണ് സോമാഹുതികൾ നടക്കുക. എന്നാൽ, അതിരാത്രത്തെ ഇതിൽ നിന്നും വ്യത്യസ്തമാക്കുന്നത് രാത്രിയിൽ നടക്കുന്ന സോമഹുതിയാണ്. ആ ചടങ്ങുകൾ നാളെയാണ് നടക്കുക. വിശേഷ ഔഷധമായ സോമലത ഇടിച്ച് പിഴിഞ്ഞ നീരാണ് പ്രധാന ആഹുതികൾക്ക് ഉപയോഗിക്കുക. അരണി കടഞ്ഞാണ് അതിരാത്രത്തിൽ അഗ്‌നി ഉണ്ടാക്കുന്നത്. ആധുനികഉപകരണങ്ങളോ ലോഹങ്ങളോ ഉപയോഗിക്കുന്നില്ല.
അതിരാത്രത്തിന്റെ എട്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ നാല് മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ രാത്രി 12.30 വരെ നീളും. പ്രാതസ്സവനം, പ്രാതരനുവാക പഠനം, സോമാഭിഷവം, ഗ്രഹഗ്രഹണം, ബഹിഷ്പവമാന സ്‌തോത്രം, സാരസ്വത യാഗം, ദ്വിദേവത്യ യാഗം, ഋതുയാഗം, പ്രാതസ്സവന ശസ്ത്രം, മാധ്യന്ദിന സവനം, മാധ്യന്ദിന പവമാനം, യജ്ഞദക്ഷിണ, മഹേന്ദ്ര സ്‌തോത്രം, നിഷ്‌കേവല്യ ശസ്ത്രം, തൃതീയ സവനം, ഹവിർയാഗം, സൗമ്യചരു യാഗം,
യജ്ഞായജ്ഞീയ സ്‌തോത്രം, അഗ്‌നിമാരുത ശസ്ത്രം, ഉക്ഥ്യ പരിയായങ്ങൾ, ഷോഡശി സ്‌തോത്രം, ഷോഡശി ശസ്ത്രം, രാത്രി പ്രഥമ പരിയായം, ദ്വിതീയ പരിയായം, തൃതീയ പരിയായം എന്നിവയാണ് ഇന്ന് നടക്കുന്ന പ്രധാന ചടങ്ങുകൾ.
ഇന്ന് അഗ്‌നിപ്രണയനം, ശ്രീരുദ്ര ഹോമം, പ്രവർഗ്യോദ്വസനം, വൈശ്വാനരീയേഷ്ടി, വസോർധാരാ ഹോമം, ഹവിർധാന പ്രവർത്തനം, സദോനിർമ്മാണം, ധിഷ്ണിയാചയനം, അഗ്നിഷോമീയ യാഗം, അഗ്‌നിഷോമീയ പ്രണയനം, പ്രധാനയാഗം, വസ്തിവരീ ഗ്രഹണം, ദേവസുവാ ഹവിർയാഗം, ഹവിർയാഗം, വസ്തീവരീ പരിഹരണം, സായന്ദോഹം, അന്വാധാനം എന്നിവ യാഗശാലയിൽ നടന്നു.
എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള, മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി. ഗോപാലൻകുട്ടി മാസ്റ്റർ, ശ്രീനാരായണ ധർമ പ്രചാരകൻ സ്വാമി പ്രേമാനന്ദ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.പി. ശ്രീശൻ, കേസരി പത്രാധിപർ എൻ.ആർ. മധു, ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസ്‌കാര ഭാരതി പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണവാര്യർ, ഷാബു പ്രസാദ്, അഡ്വ. ഒ. ഗിരീഷ് തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ അതിരാത്രവേദി സന്ദർശിച്ചു.




