
കോഴിക്കോട് : എൻ.ഐ.ടി. യിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥിനിക്ക് നേരെയുണ്ടായതായി പരാതിയുയർന്ന ലൈംഗികാതിക്രമ കേസിൽ പ്രതിയെ സംരക്ഷിക്കാൻ എൻ.ഐ.ടി. അധികൃതർ ശ്രമിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഡയറക്ടർ സമഗ്രവും വിശദവുമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മേയ് 29 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
എൻ.ഐ.റ്റിയിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥിനി തനിക്ക് നേരിട്ട ലൈംഗികാതിക്രമത്തിനെതിരെ സ്ഥാപനത്തിൽ സമർപ്പിച്ച പരാതിയിൽ എൻ.ഐ.ടി. അധികൃതർ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്നാണ് കമ്മീഷനിൽ നൽകിയ പരാതി.
പരാതിക്കാരി ഉന്നയിച്ച ആക്ഷേപങ്ങൾ ഓരോന്നായി ഡയറക്ടർ പരിശോധിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പരാതി നൽകിയതിന്റെ പേരിൽ അക്കാദമിക് രംഗത്തുണ്ടായ വിവേചനം, ഇതിൽ അധ്യാപകരുടെ പങ്ക്, പ്രതിക്ക് സ്ഥാപനം നൽകിയ പിന്തുണ എന്നിവയെ കുറിച്ച് കൃത്യമായ മറുപടി സമർപ്പിക്കണം.
പരാതിക്കാരി ഗുരുതര മനുഷ്യാവകാശ ലംഘനം അനുഭവിച്ചതായി കമ്മീഷൻ വിലയിരുത്തി
പരാതിക്കാരി ഗുരുതര മനുഷ്യാവകാശ ലംഘനം അനുഭവിച്ചതായി കമ്മീഷൻ നിരീക്ഷിച്ചു. പോഷ് ആക്റ്റിന്റെയും യു.ജി.സി. റഗുലേഷന്റെയും നഗ്നമായ ലംഘനമുണ്ടായി. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയെ അവഹേളിക്കുന്നത് കുറ്റകരമാണ്.
സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ വർധിച്ചു വരുന്ന ആത്മഹത്യകളിൽ കമ്മീഷൻ നടുക്കം രേഖപ്പെടുത്തി. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള അവഹേളനങ്ങൾക്ക് ഇരയാക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി ഉത്തരവിൽ പറഞ്ഞു. അക്കാദമിക് തലത്തിലുള്ളവർക്ക് ഇത്തരം സംഭവങ്ങളിൽ പങ്കില്ലെന്ന് പറയാനാവില്ല. . ചില സ്ഥാപനങ്ങൾ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാ യി മനസിലാക്കുന്നു. ഇത്തരം സംഭവങ്ങൾ ഇരകളായ വിദ്യാർത്ഥികളുടെ പ്രത്യാശ നശിപ്പിക്കുകയും അവരെ ഭയത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്നു. ലഘുവായ ശിക്ഷകൾക്ക് പകരം കഠിനമായ ശിക്ഷകൾ നൽകി ഇത്തരം കുറ്റകൃത്യങ്ങൾ മുളയിലേ നുള്ളേണ്ട കാലം അതിക്രമിച്ചതായി കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
2025 ലാണ് ലൈംഗികാതിക്രമം ഉണ്ടായതെന്ന് പരാതിക്കാരി അറിയിച്ചു. പരാതിയെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലായ ടീച്ചിംഗ് അസിസ്റ്റന്റിനെ രക്ഷിക്കാനും സംരക്ഷിക്കാനും ശ്രമിച്ചതായി പരാതിക്കാരി അറിയിച്ചു.




