
കോഴിക്കോട് : തിരുവള്ളൂർ ചാനിയംകടവിൽ പ്രസവിച്ചു കിടക്കുന്ന യുവതിയുടെ വീട്ടിൽ പോലീസ് അതിക്രമിച്ചു കയറി മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും പോലീസ് നടപടി ചോദ്യം ചെയ്ത ജനപ്രതിനിധികളെ അപമാനിക്കുകയും ചെയ്തെന്ന പരാതി കോഴിക്കോട് റൂറൽ എസ്. പി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
യുവതിയുടെ ഭർത്താവ് ഒരു കേസിൽ പ്രതിയാണെന്ന് ആരോപിച്ചാണ് ഒരു ദിവസം അഞ്ചു തവണ വീതം പോലീസ് വീട്ടിലെത്തിയതെന്ന് പരാതിയിൽ പറയുന്നു. രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം കഴിയുന്ന യുവതിയുടെ വീട്ടിൽ പോലീസെത്തിയത് രാത്രിയിലും പുലർച്ചെയുമാണെന്ന് പരാതിയിലുണ്ട് . യുവതി വിശ്രമിക്കുന്ന മുറിയിലെത്തിയ പോലീസുദ്യോഗസ്ഥൻ യുവതിയെ ഒരുമണിക്കൂർ ചോദ്യം ചെയ്തു. ഭർത്താവിനെ ഹാജരാക്കിയില്ലെങ്കിൽ കുഞ്ഞിന് മുലപ്പാൽ നൽകാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്തംഗം മിസ്ഹബ് കീഴരിയൂർ, പഞ്ചായത്തംഗം ലത്തീഫ് തുറയൂർ, ജില്ലാ പഞ്ചായത്ത് മുൻ അംഗം വി. പി. ദുൽഖിഫിൽ എന്നിവർ പോലീസ് നടപടി ചോദ്യം ചെയ്തപ്പോൾ ജനപ്രതിനിധികളെ അപമാനിക്കുന്ന തരത്തിൽ പോലീസുദ്യോഗസ്ഥൻ പെരുമാറിയതായി പരാതിയിൽ പറയുന്നു. ജനപ്രതിനിധികളെ പ്രതികളാക്കി പോലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തതായും പരാതിയിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മുൻ അംഗം വി. പി. ദുൽഖിഫിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.




