KERALA
പാചക വാതക വില വർദ്ധനവ്: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി:പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല ഇന്ന് അടച്ചിടും. 19 കിലോ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിപ്പിച്ചത് ഹോട്ടൽ വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരം ഇന്ന് 24 മണിക്കൂർ സൂചന പണിമുടക്കാണ് . ഹോട്ടലുകൾക്ക് പുറമെ ബേക്കറികളും തട്ടുകടകളും അടഞ്ഞുകിടക്കും. ഇന്ന് ഓൺലൈൻ ഭക്ഷണ വിതരണവും ഉണ്ടായിരിക്കില്ല എന്നത് സാധാരണക്കാരെയും ഐടി ജീവനക്കാരെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ നടപ്പിലാക്കിയ ഈ കൊള്ളവില പിൻവലിക്കാതെ പിന്നോട്ടില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
സമരത്തിന് പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യവസായി സമിതി,ഓൾ കേരള കാറ്റഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകളും രംഗത്തുണ്ട്. സംസ്ഥാനത്തെ പെട്രോളിയം കമ്പനികളുടെ ഓഫീസുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും ഹോട്ടൽ ഉടമകളും തൊഴിലാളികളും ഇന്ന് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുകയാണ്.
ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ വിലവർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം.




