KERALAlocalOthersPoliticstop news

വന്യമൃഗ ശല്യം: തിരുവമ്പാടിയെ അവഗണിച്ച സംസ്ഥാന ബജറ്റിനെതിരെ കിസാൻ ജനത

തിരുവമ്പാടി: വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിന് ആവശ്യമായ പദ്ധതികളും മതിയായ സാമ്പത്തിക വകയിരുത്തലുകളും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് മലയോര ജനതയോടുള്ള അവഗണനയാണെന്ന് കിസാൻ ജനത തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
വന്യജീവി ആക്രമണങ്ങൾ മൂലം കർഷകരും മലയോര മേഖലയിലെ സാധാരണ ജനങ്ങളും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ശാശ്വത പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുക, കൃഷിനാശത്തിനും ജീവഹാനികൾക്കും സമയബന്ധിത നഷ്ടപരിഹാരം ഉറപ്പാക്കുക, വനാതിർത്തികളിൽ സുരക്ഷാ വേലികളും നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ബജറ്റിൽ ഉൾപ്പെടുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാൽ ഈ വിഷയങ്ങളിൽ വ്യക്തമായ പദ്ധതികളോ പ്രത്യേക ഫണ്ട് വകയിരുത്തലോ ഉണ്ടായില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
കിസാൻ ജനത നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പ്ലാക്കാട് അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ വീഴ്ചകൾ വിലയിരുത്തി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ, പുതുപ്പാടി, കാവിലുംപാറ ഉൾപ്പെടെയുള്ള വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ജനങ്ങൾ നിരന്തര ഭീതിയിലാണെന്നും, കൃഷിനാശവും സാമ്പത്തിക നഷ്ടവും വർധിച്ചുവരികയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇത്തരം സാഹചര്യത്തിൽ തിരുവമ്പാടി പോലുള്ള മലയോര നിയോജക മണ്ഡലങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ജോൺസൺ കുളത്തിങ്കൽ, വിത്സൻ പുല്ലുവേലിൽ, ടാർസൻ ജോസ്, ഇളമന ഹരിദാസ്, മാത്യു ചേർത്തല, ജോസ് കുന്നത്ത്, ജോർജ് പാലമുറി, നിസ്താർ തിരുവമ്പാടി, ബെന്നി മംഗര, ഹമീദ് ആറ്റുപുറം, ജോസുകുട്ടി പുളിക്കത്തടം, രാജേഷ് പൊട്ടിയിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close