
കോഴിക്കോട് : മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലെ എല്ലാ നടപ്പാതകളിലെയും അനധികൃത കൈയേറ്റങ്ങൾ, തെരുവുകച്ചവടങ്ങൾ എന്നിവ ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തകർന്നതും ചെരിവുള്ളതുമായ എല്ലാ സ്ലാബുകളും മാറ്റി അപകടാവസ്ഥ പരിഹരിച്ച് സുരക്ഷിതമായ കാൽനടയാത്ര ഉറപ്പാക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറി സമയബന്ധിതവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കോർപ്പറേഷൻ അധികൃതരുടെ നടപടികൾക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കോർപ്പറേഷൻ സെക്രട്ടറി ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. വെസ്റ്റ്ഹിൽ റസ്റ്റ്ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കാൽനടയാത്രക്കാർക്ക് നടപ്പാത സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള അവകാശം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
കോഴിക്കോട് നഗരത്തിലെ നടപ്പാതകൾ അനധികൃത കൈയ്യേറ്റക്കാരും തെരുവുകച്ചവടക്കാരും കൈയടക്കിയിരിക്കുകയാണെന്നും കാൽനടയാത്ര ദുഷ്കരമാണെന്നും നിരന്തര പരാതിയുണ്ടെന്ന് കെ. ബൈജുനാഥ് നിരീക്ഷിച്ചു.
ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്ര സഞ്ചാരാവകാശത്തിന്റെയും അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും അവിഭാജ്യഘടകമാണ് സുരക്ഷിതവും തടസരഹിതവുമായ നടപ്പാതകളെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്. പൊതു അടിസ്ഥാന സൗകര്യങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ വാഹനഗതാഗതം മാത്രമല്ല കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും തുല്യമോ അതിലേറെ പ്രാധാന്യമോ നൽകേണ്ടതുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
റോഡുള്ളിടത്തെല്ലാം ഗുണമേന്മയുള്ളതും സുരക്ഷിതവുമായ നടപ്പാതകൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരവും ഭരണപരവുമായ ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടികാണിച്ചിട്ടുണ്ട്. കാൽനടയാത്രക്കാരുടെ അവകാശങ്ങൾക്ക് പുതിയ ഭരണഘടനാപരമായ മാനദണ്ഡം സ്ഥാപിക്കുകയും മനുഷ്യകേന്ദ്രീകൃത നഗരവികസനത്തിന് ദിശാബോധം നൽകുകയും ചെയ്യുന്ന നാഴികകല്ലാണ് കോടതിവിധിയെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിവാക്കാൻ മനുഷ്യാവകാശ കമ്മീഷൻ മുൻകാലങ്ങളിൽ നിരവധി ഉത്തരവുകൾ കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകിയിട്ടുള്ളതാണെന്നും കൈയേറ്റങ്ങൾ ഒഴിപ്പിച്ചു കഴിഞ്ഞാൽ അവ തിരികെ പ്രത്യക്ഷപ്പെടുന്നതായുളള ആക്ഷേപങ്ങൾ നിരന്തരം ഉയർന്നുവരാറുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.



