
കൊച്ചി: പണച്ചാക്കുകളെ ക്ഷണിച്ചു വരുത്തി സ്വന്തം പിറന്നാൾ ആഡംബരപൂർവ്വം ആഘോഷിച്ച കേരളത്തിലെ ഒരു ബിഷപ്പിനെ രൂക്ഷമായി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലായി. കുറിപ്പ്: ഒരു ക്രൈസ്തവ മേലധ്യക്ഷൻ്റെ അത്യാഡംബര പിറന്നാളാഘോഷം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആഘോഷങ്ങൾ അനാർഭാടമായിരിക്കണമെന്നും കഴിയുന്നത്ര ലളിതമായിരിക്കണമെന്നും വിശ്വാസികളെ നിരന്തരം പ്രബോധിപ്പിക്കുന്നവർ തന്നെ ഇത്തരം അംബാനി മോഡൽ ആഘോഷങ്ങൾ നടത്തുന്നത് വലിയ വിരോധാഭാസമാണ്. രാഷ്‌ട്രീയ – സാമൂഹ്യ മേഖലകളിലെ ഉന്നതരെയും സമ്പന്നരെയും മാത്രം വിളിച്ചുകൂട്ടി നടത്തുന്ന സെവൻ സ്‌റ്റാർ സെലിബ്രേഷൻസ് ക്രിസ്തു ചൈതന്യത്തിനോ സുവിശേഷ മൂല്യങ്ങൾക്കോ തീർത്തും യോജിക്കാത്തതാണെന്ന് ഇനി എന്നാണ് ഇവർ മനസ്സിലാക്കുന്നത്? വിശ്വാസികൾ പണം നല്കുന്നത് ആഡംബരങ്ങൾക്കല്ല; അത്യാവശ്യങ്ങൾക്കാണ്. വിയർപ്പൊഴുക്കിയും മുണ്ടു മുറുക്കിയുടുത്തും ചില ഇഷ്‌ടങ്ങൾ വേണ്ടെന്നു വച്ചുമൊക്കെയാണ് അവർ പണം നല്കുന്നത്. അവരെ തീർത്തും നിരാശപ്പെടുത്തുന്നതാണ് ഇത്തരം അംബാനി മോഡൽ വിരുന്നുകൾ.
രാഷ്‌ട്രീയ – സാമൂഹ്യ സ്വാധീനം വർദ്ധിപ്പിക്കാനായി വ്യവസായികളും കോർപ്പറേറ്റ് ഭീമൻമാരും ചെയ്യുന്ന ബിസിനസ്സ് ശീലങ്ങളല്ല ആത്മീയ നേതാക്കൾ മാതൃകയാക്കേണ്ടത്. ആഡംബരം കാണിച്ച് അതിഥികളെ സന്തോഷിപ്പിക്കാമെന്ന് മതനേതാക്കൾ കരുതുന്നത് തന്നെ തികഞ്ഞ മൗഢ്യവുമാണ്. ക്ഷണിതാക്കളിൽ പോലും അവമതിപ്പുണ്ടാക്കാനേ ഇത്തരം ഹൈപ്രീമിയം ഈവൻ്റുകൾ ഇടയാക്കുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ഇനിയെങ്കിലും ഇത്തരം വിവേകരഹിതമായ നടപടികളിൽ നിന്നും പിന്തിരിയാനും ആഘോഷങ്ങളിൽ മിതത്വം പാലിക്കാനും ക്രൈസ്തവ മേലധ്യക്ഷൻമാർ ജാഗ്രത പാലിക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
യേശുപാഠം വളരെ വ്യക്തമാണ്:
“നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്‍റെ സ്നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരു പക്ഷേ, അവര്‍ നിന്നെ പകരം ക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും. എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക.
അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്‍മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.”
ലൂക്കാ 14 :12-14
ഫാ. അജി പുതിയാപറമ്പിൽ
(27-07-2026)




