മുക്കം: കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് മുക്കത്തെ സ്വകാര്യ ബാറിന് മുന്നിൽ മദ്യം വാങ്ങാൻ എത്തിയവരെ പൊലിസെത്തി അടിച്ചോടിച്ചു. ഇന്ന് ഉച്ചയോടെയാണ് മുക്കത്തെ സ്വകാര്യ ബാറിന് മുന്നിൽ അൻപതോളം ആളുകൾ സാമൂഹിക അകലം പോലും പാലിക്കാതെ കൂട്ടംകൂടി നിന്ന് മദ്യം വാങ്ങാൻ എത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മുക്കം പൊലിസ് ഇവരെ അടിച്ചോടിക്കുകയായിരുന്നു. രോഗ വ്യാപനത്തെ തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയാണ് ബാറിന് മുൻപിൽ ആളുകൾ കൂട്ടംകൂടി നിന്നത്. ബാറുകൾക്ക് മുന്നിൽ ഒരു നിയന്ത്രണവും പാലിക്കാതെ മദ്യം വാങ്ങാനെത്തുന്നവർ കൂട്ടംകൂടി നിൽക്കുന്നത് പതിവാണെന്ന് ആരോപണമുണ്ട്.