KERALAlocalOtherstop newsVIRAL

ചരിത്രമെഴുതി കോഴിക്കോട്ടെ ആദ്യ അതിരാത്രത്തിന് പൂർണാഹുതി

മന്ത്രവും സംഗീതവും സമന്വയിച്ച സമാപന സഭ

 

കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരത്തിൽ ഏപ്രിൽ 17 മുതൽ നടന്നുവന്ന അതിരാത്രം അവഭൃഥസ്‌നാനത്തിന് ശേഷം മുഖ്യ കാർമ്മികനായ അധ്വര്യു പൂർണാഹുതി നടത്തി ഉപസംഹരിച്ചു. അവഭൃഥച്ചടങ്ങിൽ വിശേഷമന്ത്രങ്ങൾ ജപിച്ച് വരുണദേവനുള്ള ഇഷ്ടി നടത്തി യജമാനൻ പത്ത് ദിവസം ഉപയോഗിച്ച ഉത്തരീയം ഉപേക്ഷിച്ച് പുതുവസ്ത്രം അണിഞ്ഞതോടെ യാഗസമർപ്പണക്രിയകൾ ആരംഭിച്ചു. ആദ്യം കാമ്യേഷ്ടി യാഗവും പിന്നീട് പ്രധാനയാഗവും നടത്തി. പ്രധാനയാഗത്തിന്റെ അവസാനത്തിൽ ആചാര്യശ്രീ രാജേഷ് യാഗത്തിൽ പൂർണാഹുതി സമർപ്പിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് അതിരാത്രയാഗത്തിന്റെ സമാപനത്തിന് സാക്ഷികളാകാനായി വേദമഹാമന്ദിരത്തിൽ എത്തിച്ചേർന്നത്.
കർണ്ണാടകയിലെ ഷിമോഗ ജില്ലയിലെ മത്തൂർ ഗ്രാമത്തിൽ നിന്നുള്ള ജയതീർത്ഥ ആചാർ ആയിരുന്നു കോഴിക്കോട് അതിരാത്രത്തിന്റെ യജമാനൻ. ഗായത്രി യജമാന പത്‌നിയും. ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനാണ് അതിരാത്രം സംഘടിപ്പിച്ചത്.
അതിരാത്രം മനുഷ്യരിലും പ്രകൃതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കുന്നതിനായി ശാസ്ത്രജ്ഞരുടെ സംഘം യാഗസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ (ബാംഗ്ലൂർ) ഫോട്ടോണിക്‌സ് ഡിപാർട്ട്‌മെന്റിന്റെ ഡീനായി വിരമിച്ച പ്രൊഫ. അജയ് സക്‌സേന, കോഴിക്കോട് ഐ.ഐ.എമ്മിലെ അസി. പ്രൊഫ. ഡോ. ജുഡു ഇളവരസ്, കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിലെ അസി. പ്രൊഫ. ഡോ. സുശ്രുത ശിവണ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനങ്ങൾ നടന്നത്. അതിരാത്രത്തിലെ പ്രവർഗ്യ ജ്വാലയുടെ സ്പെക്ട്രോസ്‌കോപ്പിക് പഠനങ്ങളും സ്തോത്രവിനിയോഗവുമായി ബന്ധപ്പെട്ട ന്യൂറോ ഫിസിയോളജിക്കൽ പഠനങ്ങളും അന്തരീക്ഷവായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പഠനങ്ങളും നടന്നു.
യാഗസംസ്‌കൃതിയുടെ ചരിത്രം, യാഗസംസ്‌കൃതിയുമായി ബന്ധപ്പെട്ടുള്ള ഭാരതീയ ഗണിത-ജ്യോതിശ്ശാസ്ത്രങ്ങളുടെ വികാസചരിത്രം, വേദങ്ങളിലെ പ്രധാന സന്ദേശങ്ങൾ തുടങ്ങിയവയെല്ലാം യാഗവേദിയിൽ ചിത്രീകരിച്ചിരുന്നു. അതിരാത്രത്തിന്റെ ആന്തരികാർഥങ്ങളെ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശനവും എല്ലാ ദിവസങ്ങളിലും അരങ്ങേറി. അതിരാത്രവുമായി ബന്ധപ്പെട്ടുള്ള ഒരു ഡോക്യുമെന്ററിയും ഉടൻ പുറത്തിറക്കാൻ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഉദ്ദേശിക്കുന്നുണ്ട്.

മന്ത്രവും സംഗീതവും സമന്വയിച്ച സമാപന സഭ

കോഴിക്കോട്: അതിരാത്രത്തിന്റെ സമാപന സഭ വേദമന്ത്രങ്ങളാലും ശാസ്ത്രീയ സംഗീതത്താലും മുഖരിതമായാണ് സമാപിച്ചത്. അതിരാത്രത്തോട് അനുബന്ധിച്ച് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംഗീതഭാരതി പുരസ്‌കാരം ജനസഹസ്രങ്ങളെ സാക്ഷിനിർത്തി അതിരാത്രവേദിയിൽ ആചാര്യശ്രീ രാജേഷ് പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ എം.ജി. ശ്രീകുമാറിന് സമർപ്പിച്ചു. നാലര പതിറ്റാണ്ട് നീണ്ടുനിന്ന സംഗീതസപര്യയെ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ചടങ്ങിൽ, കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി പി.ടി. വിപിൻ ആര്യ അധ്യക്ഷത വഹിച്ചു. സംഗീതത്തിൽ ദൈവികതയുണ്ടെന്നും അതാണ് പുരസ്‌കാരജേതാവായ എം.ജി. ശ്രീകുമാറിൽ കാണുന്നതെന്നും പുരസ്‌കാരം സമർപ്പിച്ചുകൊണ്ട് ആചാര്യശ്രീ രാജേഷ് പറഞ്ഞു. ഉപാസനയ്ക്ക് പലവഴികളുണ്ട്. അതിലൊന്ന് സംഗീതമാണ്. സംഗീതത്തിന്റെ അടിത്തറ സാമവേദമാണ്. പ്രപഞ്ചമാണ് ഏറ്റവും വലിയ സത്യം. ആ സത്യത്തിന്റെ ആവിഷ്‌കാരമാണ് വേദങ്ങളും തുടർന്നുള്ള അതിരാത്രം പോലുള്ള യജ്ഞങ്ങളും – അദ്ദേഹം പറഞ്ഞു. 11,111 രൂപയും ഫലകവും അടങ്ങിയതാണ് സംഗീതഭാരതി പുരസ്‌കാരം. സംഗീതം ദൈവമാണെന്നും ഓരോരുത്തരുടെയും കണ്ഠനാളങ്ങൾക്ക് പ്രത്യേക ശബ്ദചലനങ്ങൾ നൽകുന്നത് ആ ദൈവമാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് എം.ജി. ശ്രീകുമാർ പറഞ്ഞു. ഭേദഭാവങ്ങൾക്ക് അതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന ഭാവം നൽകുന്നതാണ് കോഴിക്കോട് അതിരാത്രം എന്ന് അദ്ദേഹം പറഞ്ഞു. അതിരാത്രത്തിന് കാർമികത്വം വഹിച്ച ശ്രൗതപണ്ഡിതരായ കേശവ് അവധാനി, സാകേത രാമ, രാഘവേന്ദ്ര ഭട്ട് എന്നിവരെ ആചാര്യശ്രീ രാജേഷ് പൊന്നാട ചാർത്തി ആദരിച്ചു. ചടങ്ങിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി വിവേക് ഡി. ഷേണായ് ആമുഖഭാഷണം നടത്തി. വിദ്യാലക്ഷ്മി എം.ആർ, എം. മുരളീധരൻ വൈദിക്, സിനു മണികണ്ഠൻ എന്നിവരും സംസാരിച്ചു.

 

ചിത്രം –
സംഗീതഭാരതി പുരസ്‌കാരം എം.ജി. ശ്രീകുമാറിന് സമർപ്പിക്കുന്നു

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close