
മേപ്പാടി:
കള്ളടി സംഭവവുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങൾക്കെതിരെ സമയോചിത ഇടപെടൽ നടത്തിയ മുഖ്യമന്ത്രി വി. ഡി. സതീശനും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിനും നന്ദി പറഞ്ഞ് വയനാട് ടൂറിസം അസോസിയേഷൻ.
കള്ളടി പ്രദേശവുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ചില മാധ്യമങ്ങളിലൂടെയും പ്രചരിച്ച വ്യാജവാർത്തകളും തെറ്റായ പ്രചാരണങ്ങളും വയനാട്ടിലെ ടൂറിസം മേഖലയെയും പൊതുജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു.
ഈ സാഹചര്യത്തിൽ, യഥാർത്ഥ വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനും അനാവശ്യ ആശങ്കകളും തെറ്റിദ്ധാരണകളും ഒഴിവാക്കുന്നതിനുമായി മുഖ്യമന്ത്രി വി. ഡി. സതീശനും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖും നടത്തിയ സമയോചിതമായ ഇടപെടലുകളും സർക്കാർ സംവിധാനങ്ങളുടെ ഫലപ്രദമായ പ്രവർത്തനവും അഭിനന്ദനാർഹമാണ്.
സർക്കാരിന്റെ കൃത്യവും വിശ്വാസ്യതയുള്ളതുമായ വിവരവിനിമയം മൂലം വയനാടിനെക്കുറിച്ചുള്ള ആശങ്കകൾക്ക് പരിഹാരമുണ്ടാകുകയും, ടൂറിസം മേഖലയിലും വ്യാപാര മേഖലയിലും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസം ലഭിക്കുകയും ചെയ്തു. വയനാട്ടിന്റെ യഥാർത്ഥ സ്ഥിതിഗതികൾ പൊതുസമൂഹത്തിന് മുന്നിലെത്തിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് വലിയ പിന്തുണയായി.
തുരങ്കപാത ഇടിഞ്ഞതാണ് അപകടകാരണമെന്ന് ചില സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് വയനാട് ടൂറിസം അസോസിയേഷൻ വ്യക്തമാക്കുന്നു. തുരങ്കപാതയുടെ നിർമാണപ്രവർത്തനങ്ങൾക്കിടെ നീക്കം ചെയ്ത മണ്ണ് കൂട്ടിയിട്ടിരുന്ന ഭാഗം ശക്തമായ മഴയെ തുടർന്ന് ഒഴുകി പോയതാണ് അപകടത്തിന് കാരണമായത്. ഇതിനെ “ഉരുൾപൊട്ടൽ” അല്ലെങ്കിൽ “തുരങ്കപാത ഇടിഞ്ഞു” എന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ ആശയക്കുഴപ്പവും അനാവശ്യ ഭീതിയും സൃഷ്ടിക്കുന്നതിനൊപ്പം വയനാടിന്റെ ജനജീവിതത്തെയും ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കുന്നതാണ്. അതിനാൽ സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളും പ്രചാരണങ്ങളും പ്രചരിപ്പിക്കുന്നത് എല്ലാവരും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ സാഹചര്യത്തിൽ, മുഖ്യമന്ത്രി വി. ഡി. സതീശനും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിനും സർക്കാർ സംവിധാനങ്ങൾക്കും വയനാട് ടൂറിസം അസോസിയേഷന്റെ പേരിൽ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. വ്യാജപ്രചരണങ്ങൾക്കെതിരെ ഇതേ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ജില്ലാ ചെയർമാൻ സൈതലവി കെ പി, പ്രസിഡന്റ് അനീഷ് ബി നായർ, സെക്രട്ടറി സൈഫ് വൈത്തിരി, അബ്ദു റഹ്മാൻ മാനന്തവാടി , മനോജ് മേപ്പാടി, പട്ടു വിയ്യനാടൻ, സുമ പള്ളിപ്രം, വർഗീസ് എ ഓ, പ്രബിത ചുണ്ടേൽ, ബാബു ബത്തേരി, സന്ധ്യ ത്രീ റൂട്ട്സ്, മുനീർ കാക്കവയൽ യാസീൻ എന്നിവർ സംസാരിച്ചു




