
കോഴിക്കോട്: കസബ പോലീസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും എം.ഡി.എം.എ യുമായി കാരന്തൂർ സ്വദേശി കാശ്മീരി വീട്ടിൽ ജാവേദ് ഖാൻ (23 ) നെ സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ അബ്ദുൾ കരീം.കെ യുടെ നേതൃത്വത്തിലുള്ള ഡാൻസാഫും, കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി.പി.ജെ യുടെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി
23.05.2026 തിയ്യതി കസബ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാങ്കാവ് പന്തീരങ്കാവ് റോഡില്‍ കടുപ്പിനിയില്‍ കല്ലുവെട്ടുകുഴി ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള സില്‍വര്‍ ഗെയ്റ്റ് ടൂറിസ്റ്റ് ഹോമില്‍ വെച്ച് പ്രതിയില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 194.6 ഗ്രാം എം.ഡി.എം.എ യും പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന്റെ കണക്കുകള്‍ എഴുതി വച്ച നോട്ട് ബുക്കും പോലീസ് കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും രാമനാട്ടുകരയിലുള്ള ഷഫീക്ക് എന്നയാള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ചതാണെന്നും എം.ഡി.എം.എ വില്‍പ്പന നടത്തിയാല്‍ ദിവസവും 1500 രൂപ ലഭിക്കുമെന്നും ഇവിടെ റൂം എടുത്തുകൊടുത്തത് അയാള്‍ ആണെന്നും പ്രതി പോലീസിനോട് പറഞ്ഞു. നഗരത്തിലെ ലോഡ്ജുകളില്‍ മുറിയെടുത്ത് ആവശ്യക്കാരെ വിളിച്ചുവരുത്തിയായിരുന്നു വില്പന രീതി. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയായ പ്രതി കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. ഈ മാസം പുറത്തിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുകയായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ വളർന്ന ജാവേദ് ഖാൻ പുറത്തിറങ്ങിയതിനു ശേഷം ക്രിമിനൽ കേസിലും, മയക്കുമരുന്ന് കേസിലും പ്രതിയാവുകയായിരുന്നു. പ്രതിയ്ക്ക് കോഴിക്കോട് ജില്ലയിലെ നടക്കാവ്, മെഡിക്കൽ കോളേജ്, ടൌൺ, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി വീടുകളും, സ്ഥാപനങ്ങളും കുത്തിതുറന്നുമോഷണം നടത്തിയതിനും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ആസിഡ് മുഖത്തൊഴിക്കുമെന്നും, ബ്ലേഡ് കൊണ്ട് വരയും എന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതിനും മറ്റുമായി നിരവധി കേസ്സുകൾ നിലവിലുണ്ട്. 2025 ആഗസ്ത് മാസം നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിപ്പാലത്തുള്ള സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കമ്പനിയിലെ ലാപ്ടോപ്പുകളും, ക്യാമറകളും മോഷണം നടത്തിയതിന് നടക്കാവ് പോലീസിന്റെ പിടിയിലാവുകയും, റിമാന്റിലാകുകയും ചെയ്തിരുന്നു. കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ നിമിൻ.കെ.ദിവാകരൻ, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർ രാജേഷ്, സീനിയിർ സിവിൽ പോലീസ് ഓഫീസർമാരായ ദീപു, രജു, ഷിജിത്ത്, സിവിൽ പോലീസ് ഓഫീസർ സനൂപ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സരുൺ കുമാർ, സുനോജ്, തൗഫീഖ്, മുഹമ്മദ് മഷൂർ, ദിനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




