
കോഴിക്കോട്: രാമനാട്ടുകര, ഹൈലൈറ്റ് മാൾ, മങ്കാവ് ഭാഗങ്ങളിൽ കഞ്ചാവ് മൊത്തവിൽപ്പന നടത്തി വന്നിരുന്ന ഒഡിഷ സ്വദേശി 11 കിലോ കഞ്ചാവുമായി പിടിയിൽ . ഒഡിഷ സ്വദേശിയായ പ്രസൽ പ്രഥാൻ (47) ആണ് അറസ്റ്റിലായത്.
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. പ്രേജിത്തിന്റെ നേതൃത്വത്തിലുള്ള എ.സി.പി സ്ക്വാഡും , ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഭുവനേശ്വരിൽ നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട് കൊമേരി ഭാഗത്ത് വാടകയ്ക്ക് താമസിച്ച് കോഴിക്കോട് നഗരത്തിലും ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിലുമായി ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് പോലീസ് അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ വഴി ലഹരിവസ്തുക്കൾ നഗരത്തിലേക്ക് എത്തുന്നതായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കർശന പരിശോധനകളും അന്വേഷണങ്ങളും നടത്തി വരികയായിരുന്നു.
അന്വേഷണത്തിനിടെ പെയിന്റിങ് തൊഴിലാളിയായ പ്രതി ഇടയ്ക്കിടെ നാട്ടിൽ പോയി വരാറുണ്ടെന്നും, പോലീസ് പരിശോധന ഒഴിവാക്കുന്നതിനായി പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസുകൾ ഉപയോഗിച്ച് രാമനാട്ടുകരയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് കഞ്ചാവ് എത്തിച്ച ശേഷം ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തുകയായിരുന്നെന്നും കണ്ടെത്തി.
പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന പോലീസ് രാമനാട്ടുകരയിൽ വല വിരിച്ച് കാത്തുനിന്ന് ബസിൽ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിയ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗ് പരിശോധിച്ചതിൽ 11 കിലോ കഞ്ചാവ് പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിൽ കണ്ടെത്തി.
പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങിയവരെയും പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും, അവരെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ഫറോക്ക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ കെ. മിഥുൻ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഫറോക്ക് സ്റ്റേഷനിലെ സീനിയർ സി.പി.ഒമാരായ പ്രേംജിത്ത്, സുമേഷ്, സി.പി.ഒമാരായ ആഷിദ്, യശ്വന്ത്, സൈബർ സെല്ലിലെ സി.പി.ഒ ലിനിത്ത് എന്നിവരും ഫറോക്ക് ക്രൈം സ്ക്വാഡിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അരുൺ കുമാർ, സീനിയർ സി.പി.ഒമാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സി.പി.ഒമാരായ സനീഷ് പന്തീരാങ്കാവ്, സുബീഷ് വെങ്ങേരി, അഖിൽബാബു എന്നിവരും ഉൾപ്പെട്ടിരുന്നു




