HealthINDIAKERALAlocalNationalOtherstop news

മാർ ആൻഡ്രൂസ് താഴത്തേ, പടപ്പുറപ്പാട് സ്വന്തം മക്കളോട് വേണ്ട: ഫാ. അജി പുതിയാപറമ്പിൽ

" വർഗീയ ചാപ്പ കുത്തി നഴ്‌സുമാരുടെ സമരം തകർക്കാൻ ശ്രമിക്കരുത് "

എറണാകുളം:                                                                                     *തൃശൂർ അതിരൂപതാ           നേതൃത്വത്തിൻ്റെ അവിവേക നടപടികൾ*

നേഴ്‌സുമാരുടെ സമരത്തിനെതിരെ തൃശൂർ അതിരൂപതാ നേതൃത്വത്തിൻ്റെ നടപടികൾ ഭരണപരമായ അവിവേകവും മാനേജ്മെൻ്റ് നൈപുണ്യ നിരക്ഷരതയും ആത്മീയമായ അപചയവും ആണ്. ഒരു തൊഴിൽ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം പർവ്വതീകരിച്ച് വഷളാക്കുന്നതാണ് ഇവിടെ കാണുന്നത്. മാത്രമല്ല , അതിനെ ഒരു മത-സാമുദായിക പ്രശ്‌നമാക്കി വളർത്താനുള്ള അത്യന്തം ഗുരുതരമായ പരിശ്രമവും കാണുന്നു.

ഇപ്പോൾ തൃശൂർ അതിരൂപതാ നേതൃത്വം സ്വീകരിച്ചിരിക്കുന്ന ഏതാനും നടപടികൾ സൂചിപ്പിക്കാം.

# നേഴ്സുമാർക്കെതിരെ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് സർക്കുലർ ഇറക്കുന്നു.

#പള്ളികളിൽ വായിക്കാൻ നിർദ്ദേശിക്കുന്നു.

# ഫ്ലക്സുകൾ ഉയർത്തുന്നു.

# സോഷ്യൽ മീഡിയ കാമ്പെയ്ൻ നടത്തുന്നു.

# കമ്മിറ്റികൾ രൂപീകരിക്കുന്നു.

# തൃശൂർ നഗരത്തിൽ ശക്തി പ്രകടനം നടത്താൻ പോകുന്നു.

അടിച്ചമർത്തിയും ഭയപ്പെടുത്തിയും ഒരു തൊഴിൽ പ്രശ്നം പരിഹരിക്കാമെന്നാണോ നിങ്ങൾ കരുതുന്നത്? അങ്ങനെ വിചാരിക്കുന്നുണ്ടെങ്കിൽ അതിനെ അവിവേകം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് ? തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കേണ്ടത് അർത്ഥപൂർണ്ണമായ സംഭാഷണത്തിലൂടെയാവണം. അതിനുള്ള വേദിയൊരുക്കേണ്ടത് പ്രധാനമായും മാനേജ്മെൻ്റിൻ്റെ ഉത്തരവാദിത്വമാണ്.

അതിരൂപതാ നേതൃത്വം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. സമരം ചെയ്യുന്നവരിൽ ഭൂരിഭാഗവും തൃശൂർ അതിരൂപതയുടെ മക്കൾ തന്നെയാണ്. ഇപ്പോൾ നടത്തുന്ന ഈ പടപുറപ്പാട് സ്വന്തം മക്കൾക്കെതിരെയാണെന്നും ഓർക്കണം. ജനങ്ങളുടെ പ്രതിഷേധങ്ങളെ തോക്കും പീരങ്കിയും ഉപയോഗിച്ച് നേരിടുന്ന ഏകാധിപതികൾ എല്ലാക്കാലത്തും ഉണ്ട്. സ്വന്തം ജനത്തിന് നേരെ തോക്കെടുക്കാൻ പട്ടാളത്തോട് കല്പിക്കുന്ന ഭരണാധികാരികൾ സമ്പൂർണ്ണ പരാജയമായിരുന്നെന്ന് കാലം തെളിയിച്ചിട്ടുമുണ്ട്. അവരൊക്കെ ദന്തഗോപുരങ്ങളിൽ നിന്നും താഴത്ത് വീണതാണ് ചരിത്രം.

ആധുനിക കാലത്ത് തോക്കിനേക്കാളും ബോംബിനേക്കാളും പ്രഹരശേഷിയുള്ള മറ്റൊരു ആയുധം ഉണ്ട്. അത് സോഷ്യൽ എഞ്ചിനീയറിംഗിലൂടെ സംഘടിപ്പിക്കുന്ന വിദ്വേഷ പ്രചാരണം ആണ്. സമരം ചെയ്യുന്ന നേഴ്‌സുമാരുടെ നേരെയും ആ ആയുധം പ്രയോഗിക്കുന്നുണ്ട്. അവരുടെ സമരത്തെ വർഗീയ ചാപ്പ കുത്തിയും
ഗൂഢലക്ഷ്യങ്ങൾ ആരോപിച്ചും പ്രചാരണം നടത്തുന്നത് ഇതിൻ്റെ തെളിവാണ്. അധികാരവും സമ്പത്തും സ്വാധീന ശക്തിയും ഉള്ളവർക്ക് സോഷ്യൽ എഞ്ചിനീയറിംഗിലൂടെ അനഭിമതരെ സൈബർ ലിഞ്ചിംഗ് ചെയ്യുക എളുപ്പമാണ്. പക്ഷേ അത് ഹീനമാണ്; ക്രൂരമാണ്.

നീതിപൂർവ്വകമായ വേതനത്തിനും ചൂഷണരഹിതമായ തൊഴിലിടത്തിനും വേണ്ടി സമരം ചെയ്യുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്നവർ മനസ്സിലാക്കുക ; അവർ യേശുവിൻ്റെ സുവിശേഷത്തെയോ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല. തൊഴിലാളിയോട് നീതി ചെയ്യണമെന്നാണ് സുവിശേഷവും സഭാപ്രബോധനങ്ങളും പഠിപ്പിക്കുന്നത്.
അതുകൊണ്ട് തൃശൂർ അതിരൂപതാ നേതൃത്വം അടിയന്തിരമായി ചെയ്യേണ്ടത് *അടിച്ചമർത്തൽ പദ്ധതികളിൽ നിന്നും പിൻമാറി സംഭാഷണത്തിൻ്റെ പാത സ്വീകരിക്കുക എന്നതാണ്*. ഓർക്കുക; ഒരു പ്രശ്‌നം പരിഹരിക്കുമ്പോൾ മാനേജ്മെൻ്റ് തോൽക്കുകയല്ല; ജയിക്കുകയാണ്.

ഫാ. അജി പുതിയാപറമ്പിൽ
(27-04-2026)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close