EDUCATIONKERALAlocalOtherstop newsVIRAL

സർക്കാർ ബസുകൾ നിറഞ്ഞ് കവിഞ്ഞ് പ്രിയദർശിനിമാർ , പണം മുടക്കിയിട്ടും പുരുഷന്മാർക്ക് സീറ്റില്ല : പലയിടങ്ങളിലും പുരുഷന്മാർ കെഎസ്ആർടിസിയെ കൈയൊഴിയുന്നു

* ടി.ടി ബസുകളിൽ പോലും പുരുഷന്മാർക്ക് "നിൽപ്പൻ"

കോഴിക്കോട് : യുഡിഎഫ് സർക്കാരിൻ്റെ ഹിറ്റ് പദ്ധതിയായി മാറിയ കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യ യാത്രയിൽ വനിതാ യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചപ്പോൾ, ബസുകളിൽ സീറ്റ് ലഭിക്കാതെ പുരുഷ യാത്രക്കാർ സർക്കാർ ബസിനെ കൈയൊഴിഞ്ഞു തുടങ്ങി. മുതിർന്ന പുരുഷൻമാർക്കും , ഭിന്നശേഷിക്കാർക്കും മാറ്റിവച്ച സീറ്റുകൾ വരെ വനിതകൾ കൂട്ടമായി കൈയടക്കുന്നതിനാൽ പരുഷന്മാർ നിന്നു യാത്ര ചെയ്യേണ്ട ഗതികേടിലായി. ടൗൺ ടു ടൗൺ ബസുകളിൽ പോലും ഇതാണ് അവസ്ഥ. വയനാട് ജില്ലയിലേക്ക് കൂടുതലും ലിമിറ്റഡ് സ്റ്റോപ്പ് – ടൗൺ ടു ടൗൺ ( ടി ടി ) ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഈ ദീർഘദൂര ബസുകളിൽ 90 ശതമാനവും വനിതാ യാത്രക്കാരായതിനാൽ പുരുഷന്മാർക്ക് സീറ്റ് ലഭിക്കുന്നില്ല. അതിനാൽ മിക്കയിടങ്ങളിലും കെ എസ് ആർ ടി സിയെ ഒഴിവാക്കി പുരുഷയാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിച്ചു തുടങ്ങി. ഓഫീസ് സമയങ്ങളിൽ നിറഞ്ഞു കവിഞ്ഞാണ് കെ എസ് ആർടിസി ഓടുന്നത്. പക്ഷേ കെ എസ് ആർടിസിക്ക് വരുമാനം ഇല്ലെന്ന് മാത്രം. തിരുവമ്പാടി ഡിപ്പോയിൽ ജൂൺ 17 ന് മാത്രം ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റുകൾ അധികമായി നൽകി. പക്ഷ എല്ലാം സീറോ ടിക്കറ്റ് ആയതിനാൽ ക്യാഷ് ബാഗുകൾ കാലിയായിരുന്നെന്ന് ഒരു കണ്ടക്ടർ പ്രതികരിച്ചു. ഇതിനിടെ പദ്ധതി വൻ ജനശ്രദ്ധ നേടിയെങ്കിലും പുരുഷ യാത്രക്കാർ പ്രതിഷേധത്തിലാണ്. പണം നൽകി ടിക്കറ്റെടുത്ത് നിന്നു യാത്ര ചെയ്യേണ്ട ഗതികേടാണ് പ്രതിഷേധത്തിന് കാരണം. ചാർജ് കൂടിയ ടിടി ബസുകളെയെങ്കിലും പദ്ധതിയിൽ നിന്ന് ഒഴിവാക്കേണ്ടതായിരുന്നെന്ന് പുരുഷ യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾ കൂട്ടത്തോടെ സൗജന്യയാത്രയിലേക്ക് കൂടുമാറിയപ്പോൾ സ്വകാര്യ ദീർഘദൂര ബസുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ആർക്കായാലും പണം നൽകണം എന്നതിനാൽ സ്വകാര്യ ബസുകളെ ആശ്രയിച്ച് ഇരുന്ന് യാത്ര ചെയ്യാമല്ലോ എന്നാണ് കെ എസ് ആർടിസിയെ തഴയാനുള്ള കാരണമായി പറയുന്നത്. വരുമാനം അനുസരിച്ച് അർഹരായവർക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചാൽ പോരേ എന്നാണ് പുരുഷ യാത്രക്കാരുടെ ചോദ്യം. വൻ ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർ, അധ്യാപികമാർ, ബാങ്ക് ജീവനക്കാർ തുടങ്ങി വനിതകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിക്കുമ്പോൾ നിസാര ശമ്പളമുള്ളവരും കൂലി പണിക്കാരുമായ പുരുഷന്മാർ പണം മുടക്കി ടിക്കറ്റ് എടുക്കേണ്ടതിന് പുറമെ നിന്ന് യാത്ര ചെയ്യേണ്ടി വരുന്നത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഉയർന്ന ശമ്പളം വാങ്ങുന്ന ചില വനിതകൾ സ്വന്തം കാറുകളിലാണ് ജോലിക്ക് പോയിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. ഇന്ധനവില കുതിച്ചുയരുന്നത് കണക്കിലെടുത്ത് അവരും സൗജന്യ യാത്രയിലേക്ക് മാറി. ബസുകളുടെ അവസ്ഥ അറിയണമെങ്കിൽ കെ എസ് ആർ ടി സി ബസുകളിൽ ഒന്ന് യാത്ര ചെയ്താൽ മതി. വ്യാഴാഴ്‌ച ഉച്ചക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്ന് തിരുവ സാടിയിലേക്ക് പുറപ്പെട്ട കെ എസ് ആർടിസിയിലെ ഏതാണ്ട് 95 ശതമാനം സീറ്റുകളും വനിതകൾ കൈയടക്കി. പുറപ്പെട്ടത് മുതലുള്ള ഓരോ സ്റ്റോപ്പിൽ നിന്നും വനിതകൾ ഇടിച്ചു കയറിയതോടെ മുതിർന്ന പുരുഷന്മാർക്ക് പോലും അവകാശപ്പെട്ട സീറ്റ് ലഭിക്കാത്ത അവസ്ഥയായി. റിസർവ്വ് സീറ്റുകൾ വരെ കൈയടക്കിയതിൽ പുരുഷ യാത്രക്കാർ പ്രതിഷേധിക്കുന്നതും തർക്കിക്കുന്നതും കാണാനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close