
കോഴിക്കോട് : ലോകകപ്പ് ഫുട്ബോൾ ആവേശമുൾക്കൊണ്ട് സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘ദി യൂണിറ്റി കപ്പ്’ സൗഹൃദ ഫുട്ബോൾ മത്സരം ശ്രദ്ധേയമായി. കളിക്കളത്തിലെ ആവേശം ശരിയായ രീതിയിൽ ഉൾക്കൊണ്ട്, ലോകത്ത് നടക്കുന്ന അരാജകത്വങ്ങളും യുദ്ധക്കെടുതികളും ഇല്ലാതാക്കാനും, ലഹരിയുടെ മാരക വശങ്ങൾക്കെതിരെ പോരാടാനും കായികവിനോദങ്ങൾക്ക് സാധിക്കുമെന്ന വലിയൊരു സന്ദേശമാണ് ഈ ടൂർണമെന്റിലൂടെ ക്യാമ്പസ് പങ്കുവെച്ചത്. രാജ്യങ്ങളുടെ ഐക്യവും മനുഷ്യനന്മയും സ്നേഹവും ഉടലെടുക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
ലോകകപ്പിലെ പ്രമുഖ ശക്തികളായ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് സ്കൂളിലെ പെൺപടകൾ (വിദ്യാർത്ഥിനികൾ) മാറ്റുരച്ച ആവേശകരമായ മത്സരത്തിൽ പോർച്ചുഗൽ ജേതാക്കളായി. വരുംതലമുറയെ ലഹരിയുടെ മാരകവലയത്തിൽ നിന്ന് മോചിപ്പിക്കാൻ കായികവിനോദങ്ങൾക്കുള്ള കരുത്ത് തെളിയിക്കുന്നതായിരുന്നു മൈതാനത്തെ പെൺകുട്ടികളുടെ മികച്ച പ്രകടനം.
മത്സരത്തിന് മുന്നോടിയായി സ്കൂൾ ബാൻഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞും പതാകകൾ ഏന്തിയുമുള്ള ഫാൻസ് റാലി ഗ്രൗണ്ടിൽ വലിയ ആവേശം വിതറി. തുടർന്ന് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് വരുൺ ഭാസ്ക്കർ ആദ്യ കിക്ക് ഓഫ് നിർവ്വഹിച്ചു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അഞ്ജലി മരിയ, വിവിധ പിടിഎ പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മത്സരത്തോടനുബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് വിജയിയെ പ്രവചിക്കാനുള്ള (Prediction Contest) പ്രത്യേക അവസരവും സ്കൂളിൽ ഒരുക്കിയിരുന്നു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അഞ്ജലി മരിയ ആദ്യ പ്രവചനം നടത്തിക്കൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ആവേശത്തോടെ പ്രവചന മത്സരത്തിൽ പങ്കാളികളായി. വിദ്വേഷങ്ങൾക്കപ്പുറം കളിയിലൂടെ സൗഹൃദം വളർത്താനും വരും ദിവസങ്ങളിലും ഈ ഫുട്ബോൾ ലഹരി ക്യാമ്പസിൽ നിലനിർത്താനുമാണ് വിദ്യാർത്ഥികളുടെയും സ്കൂൾ അധികൃതരുടെയും തീരുമാനം.




