KERALA
ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തെന്ന ആരോപണം തെറ്റാണെന്ന് വിവരാവകാശ രേഖ

പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശ രേഖ.
കാർഡ് ഉടമയുടെ സമ്മതപത്രവും, ഉടമയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും, തിരിച്ചറിയൽ രേഖകളും സമർപ്പിച്ചാണ് പേരു ചേർത്തതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
നേരത്തെ, കാർഡ് ഉടമയുടെ മക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജരേഖ ചമച്ചാണ് പേരു ചേർത്തതെന്ന് ആരോപിച്ച് സപ്ലൈ ഓഫീസർ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്തിരുന്നു. തുടർന്ന് ഇതേ മേൽവിലാസത്തിൽ വോട്ടർ പട്ടികയിലുണ്ടായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പേരും ഒഴിവാക്കപ്പെട്ടു.
ഈ വിഷയത്തിൽ തനിക്കെതിരെയുള്ളത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതിന്റെ വൈരാഗ്യം തീർക്കാൻ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സിപിഐ നേതൃത്വം നടത്തിയ നീക്കമാണിതെന്ന് ശ്രീനാ ദേവികഞ്ഞമ്മ ആരോപിക്കുന്നു.




