
കോഴിക്കോട് : മാസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ റോഡ് നിർമാണത്തിൻ്റെ ബിൽ പാസാക്കാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ ജില്ലാ പഞ്ചായത്ത് ഓവർസിയറെ കോഴിക്കോട് വിജിലൻസ് കൈയോടെ പിടികൂടി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഓവർസിയർ കോഴിക്കോട് ഒടുമ്പ്ര സദ്വേശി കണക്കനംകണ്ടി വീട്ടിൽ നവീൻ രവിയെ (47) യാണ് കൈക്കൂലി വാങ്ങിയ പതിനായിരം രൂപ സഹിതം കോഴിക്കോട് വിജിലൻസ് യൂനിറ്റ് ഡിവൈഎസ്പി കെ.കെ. ബിജുവിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി താമരശേരി, ചങ്ങരോത്ത് പഞ്ചായത്തുകളിൽ മൂന്ന് മാസം മുൻപ് പൂർത്തിയാക്കിയ റോഡ് നിർമാണത്തിൻ്റെ ബിൽ ഇയാൾ പിടിച്ചു വച്ച് വിലപേശുകയായിരുന്നു. ബിൽ മുകളിലേക്ക് അയക്കാൻ കരാറുകാരനോട് പണം ആവശ്യപെടുകയും കരാറുകാരൻ വിജിലൻസിനെ അറിയാക്കുകയുമായിരുന്നു. വിജിലൻസ് മാർക്ക് ചെയ്ത് നൽകിയ നോട്ടുകൾ ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് കൈപ്പറ്റവെ വിജിലൻസ് സംഘം ഇരച്ചുകയറി പിടികൂടുകയായിരുന്നു. പതിനായിരം രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തു.




