
കോഴിക്കോട്: കുൽസിത മാർഗത്തിലൂടെ സംസ്ഥാന വഖഫ് ബോർഡ് പിടിച്ചെടുക്കാനും അതുവഴി ഈ ദിശയിലുള്ള ആർ.എസ്.എസ് അജണ്ട കേരളത്തിൽ നടപ്പാക്കുന്നതിന് വഴിയൊരുക്കാനുമുള്ള കോൺഗ്രസ് -മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആസൂത്രിത നീക്കങ്ങളെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭ്യർഥിച്ചു അധികാരത്തിലേറിയത് മുതൽ വി.ഡി സതീശൻ സർക്കാർ സംസ്ഥാന വഖഫ് ബോർഡും മുനമ്പം പോലുള്ള വഖഫ് സ്വത്തുക്കളും പിടിച്ചെടുക്കാൻ നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങൾ നമ്മുടെ നാടിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലകളെ പ്രക്ഷുബ്ധമാക്കുകയാണ്. മതേതര സമൂഹം ഇവരുടെ കള്ളപ്രചാരണങ്ങളെയും അപകടകരമായ നീക്കങ്ങളെയും വേണ്ടവിധം തിരിച്ചറിഞ്ഞ് ചെറുത്തുതോൽപിച്ചില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പത്രസമ്മേളനത്തിൽപറഞ്ഞു.
എല്ലാ ജനവിഭാഗത്തിനും അവരുടെ വിശ്വാസപരവും സ്വത്വപരവുമായ സ്വാതന്ത്ര്യം പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഭരണഘടനയുടെ 14, 25, 26 ഖണ്ഡികകൾ അവകാശം നൽകുന്നുണ്ട്. അതനുസരിച്ച്, ദൈവപ്രീതിയും പരലോക മോക്ഷവും കാംക്ഷിച്ച് ധർമമാർഗത്തിൽ സ്വത്തുക്കൾ ശാശ്വതമായി ദാനം ചെയ്യുന്ന സംവിധാനമായ വഖഫുകളുടെ പൂർണസംരക്ഷണവും കാര്യക്ഷമമായ പരിപാലനവും ഉദ്ദേശിച്ച് രൂപീകരിക്കപ്പെട്ട വഖഫ് ബോർഡുകളെ ക്ഷണികമായ സ്വാർഥ താൽപര്യങ്ങൾക്കായി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നതിന്റെ പരിണതിയാണ് വഖഫുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾ. 2025 ഫെബ്രുവരിയിൽ രൂപീകരിക്കപ്പെട്ട കെ.എസ് ഹംസ ചെയർമാനായ നിലവിലെ വഖഫ് ബോർഡ് തങ്ങളുടെ കുൽസിത അജണ്ട നടപ്പാക്കാൻ കൂട്ടുനിൽക്കില്ല എന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി വി.ഡി സതീശനും വകുപ്പ് മന്ത്രി എൻ. ശംസുദ്ദീനുമൊക്കെ ബോർഡ് പിരിച്ചുവിടാനുള്ള തീ്വ്ര ശ്രമത്തിലാണ്.
https://youtu.be/Z72cYb8dW_E?si=QuEJ_OQGvsyci1E3
പുതിയ വഖഫ് നിയമത്തിലെ 14ാം വകുപ്പ് അനുശാസിക്കും വിധം രണ്ട് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഷിയ- ബോറ വിഭാഗത്തിന്റെ പ്രാതിനിധ്യം ഇല്ലെന്നും പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുന്നത് വളരെ ആസൂത്രിതമായാണ്. നിലവിലെ ബോർഡ് നിയമവിരുദ്ധമാണെന്ന് വരുത്തിത്തീർക്കാനും മതേതര പാർട്ടികൾ ഒറ്റക്കെട്ടായി എതിർത്ത 2025ലെ വഖഫ് നിയമ ഭേദഗതി കോടതിവഴി കേരളത്തിൽ നടപ്പാക്കാAനുമാണ് ഇവരുടെ പദ്ധതി. വഖഫ് ഭേദഗതി നിയമം വിവേചനപരവും മുസ്ലിം അപരവത്കരണം ലക്ഷ്യമിട്ടുള്ളതും ഭാവിയിൽ ഗുരുതര ഭവിഷ്യത്ത് ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് ദേശീയ തലത്തിൽ വിലയിരുത്തപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇടതുസർക്കാരിന്റെ കാലത്ത് നിലവിലെ വഖഫ്ബോർഡ് ഉണ്ടാക്കിയപ്പോൾ സമിതിയിൽ രണ്ട് മുസ്ലിമിതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ഏറ്റവും വിവാദമായ വ്യവസ്ഥ നടപ്പാക്കാതെ ഒമ്പതംഗ ബോർഡാണ് രൂപീകരിച്ചത്. ആ നടപടി വലിയ പാതകമാണെന്ന് ചിത്രീകരിച്ച് അമുസ്ലിംകളെ ഉൾക്കൊള്ളിച്ച് ബോർഡ് പുനഃസംഘടിപ്പിക്കാൻ തങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് സർക്കാർ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.വിഷയം കോടതി മുമ്പാകെ എത്തിക്കാൻ നാല് ഹർജികൾ ഒരേ മേശക്ക് ചുറ്റുമിരുന്ന് തട്ടിക്കൂട്ടിയാണ് ബി.ജെ.പിയുമായി ചേർന്ന് യു.ഡി.എഫ് നേതൃത്വം നാടകം കളിച്ചിരിക്കുന്നത്. അഡീഷണൽ അറ്റോണി ജനറലിന്റെറയും അഡ്വക്കറ്റ് ജനറലിന്റെയും കൃപാശിസ്സുകളോടെ തയാറാക്കിയ ഹർജികളിൽ യുദ്ധകാലാടിസ്ഥനത്തിൽ ഉത്തരവ് വന്നത് തന്നെ നീതിന്യായ വ്യവസ്ഥയെ കുറിച്ച് ധാരണയുള്ളവരെ അമ്പരപ്പിക്കുന്നുണ്ട്. രണ്ട് അമുസ്ലിംകളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന സർക്കാർ ഭാഷ്യം കോൺഗ്രസിന്റെയും ലീഗിന്റെയും പ്രഖ്യാപിത നയനിലപാടിൽനിന്നുള്ള മലക്കം മറിച്ചിലാണ്. :വിവാദ നിയമവ്യവസ്ഥക്കെതിരെ സുപ്രീംകോടതിയിൽ റിട്ട് ഫയൽ ചെയ്ത കോൺഗ്രസും ലീഗും ആഗസ്റ്റ് 25ന് കേസ് പരിഗണനക്ക് വരുമ്പോൾ എന്തു നിലപാടായിരിക്കും സ്വീകരിക്കുക? സംസ്ഥാന നിയമസഭ ഏക കണ്ഠമായി പാസ്സാക്കിയ നിലപാടിൽനിന്നാണ് ഇക്കൂട്ടർ മലക്കം മറിഞ്ഞ് സംഘ്പരിവാർ പക്ഷത്ത് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
വഖഫുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം താൻ ഇരിക്കുന്ന കസേരയുടെ മഹത്വം മറന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പച്ചക്കള്ളം വിളമ്പുന്നതും വകുപ്പ് മന്ത്രിയടക്കം മുസ്ലിംലീഗ് നേതൃത്വം പല വിധ കാരണങ്ങളാൽ ആർ.എസ്.എസിനോട് കാണിക്കുന്ന അന്ധമായ വിധേയത്വവുമാണ്. തങ്ങളുടെ ആൾക്കാരെ തലപ്പത്ത് പ്രതിഷ്ഠിച്ച് വഖഫ് ബോർഡ് പിടിെച്ചടക്കാനും അതുവഴി മുനമ്പം വഖഫ് കേസ് അട്ടിമറിക്കാനുമാണ് ഉദ്ദേശ്യമെങ്കിൽ അത് നടപ്പാകാൻ പോകുന്നില്ലെന്നും അതിന്റെ ദൂരവ്യാപക പ്രത്യാഘാതം വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയുമൊക്കെ അനുഭവിക്കേണ്ടിവരുമെന്നും ഐ.എൻ.എൽ മുന്നറിയിപ്പ് നൽകി.
https://youtu.be/qrH2RyVNjcM?si=NlLKLRunrW7t1PQd
രാജ്യത്തെ പ്രാന്തവത്കൃത സമൂഹത്തിന്റെയും ദുർബല വിഭാഗങ്ങളുടെയും സ്വത്വവും അസ്തിത്വവും നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാല ദേശീയ സാഹചര്യത്തിൽ ‘പൗരത്വം ഔദാര്യമല്ല, അവകാശമാണ്’ എന്ന പ്രമേയത്തിന്മേൽ ആഗസറ്റ് ഒന്നുമുതൽ 15വരെ കാമ്പയിൻ സംഘടിപ്പിക്കാനും സ്വാതന്ത്ര്യ ദിനം ‘പൗരത്വ സംരക്ഷണ ദിനമായി ’കൊണ്ടാടാനും തീരുമാനിച്ചു.
ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ ബാനറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി വിദ്യാർഥികളും-യുവജനങ്ങളും നടത്തിയ ധീരമായ പ്രക്ഷോഭം ജനാധിപത്യ പോരാട്ടത്തിലെ തിളക്കമാർന്ന ഒരധ്യായം തുന്നിച്ചേർത്തതായി പാർട്ടി വിലയിരുത്തി. ഉരുക്ക് മുഷ്ടി കൊണ്ട് പൊരുതുന്ന യുവതയെ അടിച്ചമർത്താനും അവരുടെ ശബ്ദം തല്ലിക്കെടുത്താനും ഭരണകൂട ഭീകരത പുറത്തെടുത്ത മോദി സർക്കാരിന്റെ ധാർഷ്ട്യങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു മന്ത്രിയുടെ രാജി.‘പാറ്റ’കളുടെ അചഞ്ചലമായ സമരവീര്യവും അതിന്റെ ഫലപ്രാപ്തിയും ഫാഷിസം കൂരിരുൾ പരത്തിയ ഈ ദശാസന്ധിയിൽ കൂടുതൽ പ്രതീക്ഷകൾ കൈമാറുന്നതായി പാർട്ടി വിലയിരുത്തി. വാർത്താ സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സലാം നരിക്കുനി, ജനറൽ സെക്രട്ടറി ജാബിർ ബേപ്പൂർ എന്നിവരും പങ്കെടുത്തു.
https://youtu.be/C0Ym2C6f9I8?si=mV7LmM5WnZsnEWZD




