HealthTechnologytop newsWORLD
കൊവിഡ് 19 വാക്‌സിനുമായി റഷ്യ, മനുഷ്യരില്‍ നടത്തിയ പരീക്ഷണം വിജയം
മോസ്‌കോ: ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ്19 മഹാമാരിക്കെതിരെ റഷ്യ വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. റഷ്യയിലെ സെഷെനോവ് യൂനിവേഴ്‌സിറ്റിയാണ് മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണം വിജയകരമായെന്ന് അവകാശപ്പെട്ടത്. ട്രാന്‍സ്ലാഷനില്‍ മെഡിസിന്‍ ബയോടെക്‌നോളജി ഡയറക്ടറായ വാദിം ടറസോവ് റഷ്യയിലെ സ്പുട്‌നിക് ന്യൂസിലൂടെയാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി അറിയിച്ചത്.
ജൂണ്‍ പതിനെട്ടിനാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചത്. കൊവിഡ് ബാധിച്ച ഒരു കൂട്ടം ആളുകളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി വാക്‌സിന്‍ കുത്തിവെക്കുകയായിരുന്നു. ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ ബുധനാഴ്ച ആശുപത്രി വിട്ടു. രണ്ടാം ഗ്രൂപ്പിലെ ആളുകള്‍ ജൂലൈ 20ന് ആശുപത്രി വിടും.
റഷ്യയിലെ ഗമാലെയ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോ ബയോളജിയാണ് വാക്‌സിന്‍ ഉദ്പാദകര്‍. വാക്‌സിന്‍ കുത്തിവെച്ചതിന് ശേഷം മനുഷ്യരില്‍ കൊറോണ വൈറസിനെ നേരിടാനുള്ള പ്രതിരോധ ശേഷി വര്‍ധിച്ചതായി മനസിലാക്കുന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു.
കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള റഷ്യയുടെ ശ്രമങ്ങളെ ലോകരാഷ്ട്രങ്ങള്‍ ആകാംക്ഷയോടെ നോക്കിക്കാണുന്നു. നിലവില്‍ 21 വാക്‌സിനുകളാണ് പരീക്ഷണ ശാലയിലുള്ളതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അറിയിച്ചു.